ചേര്‍ത്തല: കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീമിഷനും മാതൃഭൂമി സീഡും ചേര്‍ന്ന് കടക്കരപ്പള്ളിയില്‍ കാര്‍ഷികവിപ്ലവത്തിനു തുടക്കം കുറിക്കുന്നു. കൃഷിയിലൂടെ ആരോഗ്യമെന്ന ആശയം പ്രചരിപ്പിച്ച് ഹരിതാമൃതം2014 പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ആഘോഷ് കുമാര്‍, സെക്രട്ടറി വി. അശോകന്‍, കൃഷി ഓഫീസര്‍ എന്‍.ജി. വ്യാസ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ജലജ ശശി എന്നിവര്‍ അറിയിച്ചു.
ജീവിതശൈലീ രോഗങ്ങളെ പടിക്കുപുറത്താക്കുന്ന, ആരോഗ്യദായകമായ കൃഷിരീതിയാണ് നടപ്പാക്കുന്നത്. ഗ്രാമപ്പഞ്ചായത്തിലെ എല്ലാ വീടുകളിലും മുളപ്പിച്ച വിവിധയിനം പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യും.
കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കടക്കരപ്പള്ളി യു.പി.ജി.എസ്., കടക്കരപ്പള്ളി എല്‍.പി.എസ്., കണ്ടമംഗലം ഹയര്‍ സെക്കന്ഡറി സ്‌കൂള്‍, തങ്കി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ സീഡ് ക്ലബ്ബുകളാണ് പദ്ധതിക്കു പിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെയും പദ്ധതിയുടെ ഭാഗമാക്കി വിജയകരമാക്കുന്നതിനു സീഡ് ക്ലബ്ബുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
27ന് 10ന് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പൂയം തിരുനാള്‍ ഗൗരി പാര്‍വതീഭായി പദ്ധതി ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ആഘോഷ് കുമാര്‍ അധ്യക്ഷത വഹിക്കും. കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ വത്സലകുമാരി 'സ്ത്രീശാക്തീകരണവും കൃഷിയും' എന്ന വിഷയത്തില്‍ സന്ദേശം നല്കും. ചലച്ചിത്രതാരങ്ങളായ മധുപാല്‍, പ്രേംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.