നീരുറവ സംരക്ഷണവും ഔഷധസസ്യക്കൃഷിയുമായി സാരംഗ് പബ്ലിക് സ്‌കൂള്‍

Posted By : klmadmin On 29th July 2014


കുണ്ടറ: പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ആശയവുമായി കുണ്ടറ വെള്ളിമണ്‍ സാരംഗ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കുട്ടികള്‍ സ്‌കൂള്‍ പരിസരത്തുതന്നെ നീരുറവ കണ്ടെത്തുകയും നാട്ടുകാവ് സംരക്ഷണവും ഔഷധസസ്യത്തോട്ടനിര്‍മാണവും ആരംഭിക്കുകയും ചെയ്തു. വിദ്യാര്‍ഥികളില്‍ സാമൂഹികാവബോധവും സ്വയംപര്യാപ്തതയും പ്രകൃതിസ്‌നേഹവും വളര്‍ത്തുക എന്ന ആശയത്തോടുകൂടിയാണ് സ്‌കൂള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഔഷധസസ്യ കൃഷിത്തോട്ടത്തിന്റെ നിര്‍മാണം കൊല്ലം ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ കോഓര്‍ഡിനേറ്റര്‍ പ്രൊഫ. പി.രാധാകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ സഹജീവിസ്‌നേഹം ഉള്ളവരും വികസനത്തിനോടൊപ്പം പ്രകൃതിയെ അറിയാനും സംരക്ഷിക്കാനും കഴിവുള്ളവരും ആ പ്രക്രിയയില്‍ ഏര്‍പ്പെടുന്നവരായി മാറുകയും ചെയ്യുമ്പോഴാണ് നാളെയുടെ നന്മകളെ നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാരംഗ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ 150ഓളം ഔഷധസസ്യങ്ങളെ അറിയുകയും പരിചയപ്പെടുകയും അതോടൊപ്പം അവ നട്ടുവളര്‍ത്താനുമാണ് ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി.കവിത അധ്യക്ഷത വഹിച്ചു.
 സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ എസ്.സുമ, അധ്യാപകരായ ആര്യാകൃഷ്ണന്‍, അനുപ എസ്.പിള്ള, മാതൃഭൂമി സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീക്ക് എന്നിവര്‍ സംസാരിച്ചു. രാഖി എസ്.പിള്ള സ്വാഗതവും എസ്.സുമ നന്ദിയും പറഞ്ഞു.
 
 

Print this news