ആലക്കോട്: സ്‌കൂള്‍മുറ്റത്ത് പ്രത്യേകം നെല്‍പ്പാടമൊരുക്കി ഞാറുനട്ടുകൊണ്ട് പരപ്പ ഗവ. യു.പി. സ്‌കൂളില്‍ സീഡ് സക്രിയമായി.
സ്‌കൂള്‍ മൈതാനത്ത് പതിനാറുമീറ്റര്‍ നീളത്തില്‍ അഞ്ചുമീറ്റര്‍ വീതിയില്‍ നിര്‍മിച്ച രണ്ടുകണ്ടങ്ങളിലാണ് ഞാറു നട്ടത്. കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് രക്ഷിതാക്കളും നാട്ടുകാരും വയല്‍വരമ്പിലെത്തി.
ഇരുപത്തിരണ്ടുദിവസം മുമ്പ് ഞാറിനുള്ള വിത്ത് വിതച്ചിരുന്നു. സീഡ് അംഗങ്ങള്‍ വീട്ടുപടിക്കലും പ്രത്യേകം നെല്‍പ്പാടമൊരുക്കി ഞാറുനട്ടു. നെല്‍കൃഷിരീതികള്‍ അന്യമായ പ്രദേശത്ത് കൃഷി പരിചയപ്പെടുന്നതിനും നെല്‍വയല്‍ സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനുമാണ് സീഡ് പദ്ധതി ഒരുക്കിയിട്ടുള്ളത്. പ്രഥമാധ്യാപകന്‍ ടോമി ജോസഫ്, സീഡ് കോഓര്‍ഡിനേറ്റര്‍ ഷാജി തോമസ്, സീഡ് കണ്‍വീനര്‍ മുഹമ്മദ് ജാസിം, ടി.എച്ച്.മുസ്തഫ, അലന്‍ പി. മാത്യു, ലിബിന്‍ സി. എന്നിവര്‍ നേതൃത്വം നല്കി.