കൂത്തുപറമ്പ്: കുരുന്നുമനസ്സുകളില്‍ പരിസ്ഥിതി സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും വിത്തുപാകി സീഡ് ക്ലബ്ബും ദേശീയ ഹരിതസേനയും ചേര്‍ന്ന് കൂത്തുപറമ്പ് ഹൈസ്‌കൂളില്‍ പരിസ്ഥിതിവിജ്ഞാന കൂട്ടായ്മ സംഘടിപ്പിച്ചു. കൂത്തുപറമ്പ് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത പരിസ്ഥിതി ക്ലബംഗങ്ങളായ 120 വിദ്യാര്‍ഥികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. സ്‌കൂളിലെ ജൈവവൈവിധ്യ കലവറ നീരീക്ഷിച്ചും ഔഷധസസ്യങ്ങളെക്കുറിച്ച് പഠിച്ചും വവ്വാല്‍ക്കൂട്ടങ്ങളെ കണ്ടും കുരുന്നുകള്‍ പ്രകൃതിപഠനം നടത്തി. സ്‌കൂളിലെ കാര്‍ഷികവിഭവങ്ങള്‍ ഉപയോഗിച്ച് രണ്ടുനേരം കൂട്ടായ്മയില്‍ പങ്കാളികളായവര്‍ക്ക് ഭക്ഷണവും നല്‍കി.
പരിസ്ഥിതി ക്ലബ്ബ് ജില്ലാ കോ ഓര്ഡിനേറ്റര്‍ ടി.പി.പദ്മനാഭന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എം.സി.പ്രസന്നകുമാരി, പി.എം.ദിനേശന്‍, പി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതിപ്രവര്‍ത്തകരായ സി.വിശാലാക്ഷന്‍, വി.പി.ശശീന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. എസ്.ആര്‍.ശ്രീജിത്ത് സ്വാഗതവും കുന്നുമ്പ്രോന്‍ രാജന്‍ നന്ദിയും പറഞ്ഞു.