പാലാവയല്‍:പാലാവയല്‍ എ.യു.പി. സ്‌കൂളില്‍ ബുധനാഴ്ച ചക്കയായിരുന്നു താരം. കുട്ടികള്‍ സ്‌കൂളിലെത്തിയത് പുസ്തകങ്ങള്‍ക്കൊപ്പം ചക്കകൊണ്ടുള്ള വിഭവങ്ങളുമായി. സ്‌കൂള്‍ സീഡ് ക്ലബ് മദര്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ നടത്തിയ ചക്കമഹോത്സവം വിദ്യാര്‍ഥികളുടെ ഒരു ദിനം മധുരിപ്പിച്ചു.
ചക്കകൊണ്ടുള്ള വിവിധ തരം പുഴുക്ക്, ചിപ്‌സ്, പപ്പടം, ദോശ, ഇഡ്‌ലി, പൂരി, അപ്പം, കട്‌ലറ്റ് തുടങ്ങിയ വിഭവങ്ങള്‍ സ്‌കൂള്‍മുറ്റത്തു നിരന്നു. വാഴ, കുമ്പിള്‍, പ്ലാവിലകളില്‍ തയ്യാറാക്കിയ അപ്പം കുഞ്ഞുങ്ങള്‍ മത്സരിച്ചാസ്വദിച്ചു. ചക്കക്കുരുകൊണ്ടുള്ള വിഭവങ്ങളുമുണ്ടായിരുന്നു. കൈതച്ചക്ക, കടച്ചക്ക, മുള്ളാത്തച്ചക്ക എന്നിവയുടെ പ്രദര്‍ശനവുമുണ്ടായി.
ബുധനാഴ്ച പിറന്നാളാഘോഷിച്ച കുട്ടികള്‍ സഹപാഠികള്‍ക്ക് പഴുത്ത ചക്കച്ചുളയാണു നല്‍കിയത്.
ആറു കിലോ തൂക്കമുള്ള ചക്കഹല്‍വ മുറിച്ച് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പയ്യാമ്പള്ളി ഉത്സവം ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് മാര്‍ട്ടിന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് മിനി ചന്ദ്രന്‍, പ്രധാനാധ്യാപകന്‍ കെ.നാരായണന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി വര്‍ഗീസ്, ഇ.എ.ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.