ഹരിത വിദ്യാലയ തിളക്കവുമായി ചുനക്കര വി.എച്ച്.എസ്.എസ്.

Posted By : Seed SPOC, Alappuzha On 24th July 2014



ചാരുംമൂട്: മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവര്‍ത്തന മികവില്‍ ചുനക്കര വി.എച്ച്.എസ്.എസ്. മികച്ച ഹരിത വിദ്യാലയമായി. പുകയില ഉല്പന്നങ്ങള്‍ക്കെതിരെയുള്ള സന്ധിയില്ലാ പോരാട്ടം ജലസംരക്ഷണ പ്രവര്‍ത്തനം, െജെവ പച്ചക്കറിക്കൃഷി, തരിശുനില നെല്‍ക്കൃഷി എന്നിവയാണ് സ്‌കൂളിനെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ മുന്‍നിരയിലെത്തിച്ചത്.
സ്‌കൂള്‍ വളപ്പിലെ ഔഷധത്തോട്ടവും ഹരിതകേരളം പദ്ധതിയും പ്രകൃതിപഠന ക്യാമ്പുകളും പരിസ്ഥിതി സെമിനാറുകളും എന്റെ തെങ്ങ് പദ്ധതിയും വീട്ടിലൊരു കൃഷിത്തോട്ടം പദ്ധതിയും ഓണത്തിനൊരു വാഴക്കുല പദ്ധതിയും ജലസുരക്ഷ പദ്ധതിയും പേപ്പര്‍ബാഗ് നിര്‍മാണവും തുണിസഞ്ചി വിതരണവും ഒക്കെയാണ് സീഡ് ക്ലബ്ബ് അംഗങ്ങള്‍ ചുനക്കര സ്‌കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍.
ചുനക്കര സ്‌കൂളിന് സമീപത്തും പഞ്ചായത്ത് പ്രദേശത്തുമുള്ള പുകയില ഉല്പന്ന വില്പന കേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ പ്രചാരണം പ്രദേശത്തെ ലഹരിവിമുക്തമാക്കുന്നതിന് വഴിവച്ചു.
സീഡ് കോഓര്‍ഡിനേറ്റര്‍ ജെ. ജഫീഷിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നാഗദന്തി, കരിനൊച്ചി, നീര്‍മരുത്, തൃപ്പൊലി തുടങ്ങി അമ്പതോളം ഔഷധസസ്യങ്ങള്‍ അടങ്ങിയതാണ് സ്‌കൂളിലെ ഔഷധത്തോട്ടം. കായംകുളത്ത് കണ്ടല്‍ത്തീരത്തേക്ക് കുട്ടികളുമായി നടത്തിയ പഠനയാത്ര വിജ്ഞാനപ്രദമായി.
സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വീട്ടിലൊരു കൃഷിത്തോട്ടം പദ്ധതിയില്‍നിന്ന് മികച്ച കുട്ടിക്കര്‍ഷകരെ കണ്ടെത്തി സമ്മാനങ്ങള്‍ നല്‍കി. തരിശു കിടന്നിരുന്ന ചുനക്കര കോലേലില്‍ പാടശേഖരത്തിലെ ഒന്നര ഏക്കര്‍ സ്ഥലത്ത് നെല്‍ക്കൃഷി ചെയ്ത് മികച്ച വിളവ് നേടി.
ചുനക്കര കൃഷിഭവനുമായി ചേര്‍ന്ന് അഞ്ഞൂറോളം വീടുകളില്‍ വാഴകള്‍ വച്ചുപിടിപ്പിച്ച് ഓണത്തിനൊരു വാഴക്കുല പദ്ധതി നടപ്പാക്കി.
വേനലിന്റെ കാഠിന്യത്തില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ഗ്രാമവാസികളെ രക്ഷിക്കാനും സീഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി.
സ്‌കൂള്‍ വളപ്പില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ബോള്‍പോയിന്റ് പേനകള്‍ക്ക് പകരം കുട്ടികള്‍ക്ക് പേപ്പര്‍ പേനകള്‍ നല്‍കി. പ്ലാസ്റ്റിക് കാരിബാഗുകള്‍ക്കെതിരെ രണ്ടായിരത്തോളം തുണിസഞ്ചികള്‍ വിതരണം ചെയ്തു. ലൗ പ്ലാസ്റ്റിക് പദ്ധതിയില്‍ വീടുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു.
ചാരുംമൂട് കോട്ടമുക്ക് റോഡില്‍ മരങ്ങളില്‍ ആണിയടിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്തു.
ഊര്‍ജസംരക്ഷണ ലഘുലേഖകളുടെ വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍, രോഗികള്‍ക്ക് ഉച്ചഭക്ഷണ വിതരണം, പിടിയരി പദ്ധതി, പുകയില ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, സൈബര്‍ ക്രൈം ക്ലാസ്സുകള്‍, ലഹരിവിരുദ്ധ റാലികളും ക്ലാസ്സുകളും, പാലിയേറ്റീവ് കെയര്‍ പരിശീലനം, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് എന്നിവയും സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തി.
പ്രിന്‍സിപ്പല്‍മാരായ അന്നമ്മ ജോര്‍ജ്, വി.ആര്‍. മോഹനചന്ദ്രന്‍, ഹെഡ്മിസ്ട്രസ്സ് കെ. ഷീലാമണി, പി.ടി.എ. പ്രസിഡന്റ് ജി. വിശ്വനാഥന്‍നായര്‍, അധ്യാപകരാ
ഹരിത വിദ്യാലയ തിളക്കവുമായി ചുനക്കര വി.എച്ച്.എസ്.എസ്.യ എച്ച്. ഷൗക്കത്ത്, അഥീല, ജോസ്സി, ലിജു, ഡി. മെറ്റില്‍ഭായി, ഗിരീഷ്, ബിന്‍സി, ശ്രീധന്യ, രേഖാകുമാരി, സന്ധ്യാഗോപി എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

 

ചുനക്കര ഗവ. വി.എച്ച്.എസ്.എസ്. 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ
തുണിസഞ്ചി വിതരണം ആര്‍. രാജേഷ് എം.എല്‍.
നിര്‍വഹിക്കുന്നു (ഫയല്‍ചിത്രം)

Print this news