'തീരം കാക്കാന് കുട്ടിക്കൂട്ടം2014'
കലവൂര്: കടല്ത്തീര സംരക്ഷണത്തില്‍ കണ്ടല്‍ച്ചെടികളുടെ ആവശ്യകതയെപ്പറ്റി വിദ്യാര്ഥികളെ ബോധവത്കരിക്കാന് ക്ലാസ് നല്കി. മാതൃഭൂമി സീഡ് ക്ലബ് തീരദേശത്തെ സ്‌കൂളുകളിലാണ് ക്ലാസുകള് നടത്തിയത്.
കാട്ടൂര് ഹോളി ഫാമിലി ഹയര് സെക്കന്ഡറി സ്‌കൂളില് വനംവകുപ്പ് സെക്ഷന് ഓഫീസര് പി.ജെ. ബഞ്ചമിനും ഓമനപ്പുഴ സെന്റ് ആന്റണീസ് എല്.പി.സ്‌കൂളില് കോട്ടയം നേച്ചര് സൊസൈറ്റിയുടെ പ്രതിനിധി ഹരികുമാര് മാന്നാറും ക്ലാസ്സുകള് എടുത്തു. കടലാക്രമണ ഭീഷണി നേരിടാനുള്ള ശാസ്ത്രീയമാര്ഗ്ഗം കണ്ടല്‌ച്ചെടികളാണെന്ന അറിവ് നല്കാനാണ് ക്ലാസ് നടത്തിയത്. കഴിഞ്ഞ അധ്യയനവര്ഷത്തില് മാതൃഭൂമി സീഡ് ക്ലബ് ആലപ്പുഴയുടെ കടലോരമേഖലകളില് കണ്ടല്‌ച്ചെടികള് നട്ടുതുടങ്ങിയതിന്റെ തുടര്ച്ചയാണിത്.
'കണ്ടല് വേണം തീരം കാക്കാന്' എന്ന മുദ്രാവാക്യവുമായാണ് 'തീരം കാക്കാന് കുട്ടിക്കൂട്ടം 2014' എന്ന പദ്ധതി ഏറ്റെടുത്തത്.
കരിങ്കല്ലുകള് ഉപയോഗിച്ച് നിര്മ്മിക്കുന്ന കടല്ഭിത്തികളും പുലിമുട്ടും നിലനില്ക്കുന്നതല്ല. കിഴക്കന്മലകള് ഇടിച്ചുനിരത്തിയുള്ള പ്രതിരോധ പ്രവര്ത്തനങ്ങള് പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്നവയാണ്. ജൈവവേലിയായ കണ്ടലുകള്ക്ക് 50 വര്ഷത്തിനു മുകളില് ആയുസ്സുണ്ട്.
സുനാമിത്തിരമാലകളെ പ്രതിരോധിച്ച ആന്ഡമാനിലെ കണ്ടലുകളെ ലോകം അദ്ഭുതത്തോടെയാണ് കണ്ടത്. കാട്ടൂരിലെയും പൊള്ളേത്തൈയിലെയും പള്ളിത്തോട്ടിലെയും കടല്ത്തീരങ്ങളിലാണ് കഴിഞ്ഞവര്ഷം കണ്ടല്‌ച്ചെടികള് നട്ടത്. തീരവാസികള് ആവേശകരമായാണ് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഈ പദ്ധതിയോട് പ്രതികരിച്ചത്. ഇതില്‌നിന്നുള്ള പ്രചോദനമാണ് ഈ വര്ഷവും പദ്ധതിയുമായി മുന്നോട്ടുവരാന് സീഡ് ക്ലബ്ബിന് പ്രേരണയായത്.
കടലാക്രമണഭീഷണി രൂക്ഷമായ കാട്ടൂര്, ഓമനപ്പുഴ പ്രദേശങ്ങളിലെ കുട്ടികള് ആവേശത്തോടെയാണ് ക്ലാസില്‍ പങ്കെടുത്തത്. മാതൃഭൂമിയുടെ ഈ പദ്ധതി തീരപ്രദേശത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന വിശ്വാസത്തിലാണ് വിദ്യാര്ഥികള്.
ഇരു സ്‌കൂളുകളിലും നടന്ന ചടങ്ങുകളില് ആലപ്പുഴ മാതൃഭൂമി ന്യൂസ് എഡിറ്റര് എസ്. പ്രകാശ് പങ്കെടുത്തു. കാട്ടൂര് ഹോളിഫാമിലി ഹയര് സെക്കന്ഡറി സ്‌കൂള് പ്രിന്‌സിപ്പല് റോമാള്ഡ് കെ.വി., ഹയര് സെക്കന്ഡറി വിഭാഗം സീഡ് കോഓര്‍ഡിനേറ്റര് ജോസ് കുര്യന്, എന്.എസ്.എസ്. പ്രോഗ്രാം ഓഫീസര് ടീന അറയ്ക്കല്, എന്.എസ്.എസ്. പ്രോഗ്രാം ജില്ലാ കണ്വീനര് ബിജുകുമാര് കെ.വി., സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന് എന്നിവര് പ്രസംഗിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര് എസ്. പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ഓമനപ്പുഴ സ്‌കൂളില് നടന്ന ചടങ്ങിന് പ്രധാനാധ്യാപിക ക്ലൗഡിയ എബ്രഹാം, ഓമനപ്പുഴ സെന്റ് സേവ്യേഴ്‌സ് പള്ളി ഇടവക വികാരി ഫാ. അലോഷ്യസ് ആലുങ്കല്, പി.ടി.എ. പ്രസിഡന്റ് ജാക്‌സണ്, പഞ്ചായത്തംഗം മൈക്കിള് ജാക്‌സണ്, പി.ജെ. ഇമ്മാനുവേല് എന്നിവര് പങ്കെടുത്തു. അധ്യാപകരായ സേവ്യര്, ഷീജ എന്നിവര് നേതൃത്വം നല്കി. കോട്ടയം നേച്ചര് സൊസൈറ്റി, ആലപ്പുഴ സോഷ്യല് ഫോറസ്ട്രി വിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് മാതൃഭൂമി സീഡ്ക്ലബ് പദ്ധതി നടപ്പാക്കുന്നത്.