ചേര്‍ത്തല: നാടിനെ അടുത്തറിഞ്ഞ് ഔഷധസസ്യങ്ങള്‍ ശേഖരിച്ച് കഞ്ഞിയൊരുക്കി മാതൃഭൂമി സീഡ് ക്‌ളബ് അംഗങ്ങള് ഇട്ടി അച്യുതന്‍ദിനം ആചരിച്ചു. കടക്കരപ്പള്ളി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ സീഡ് ക്ലബ്ബാണ് ഔഷധസസ്യങ്ങളുമായി ബന്ധപ്പെടുത്തി ഇട്ടി അച്യുതന്റെ സ്മരണ പുതുക്കിയത്. കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി നാട്ടുകാരും ഉണര്‍ന്നതോടെ ദിനാചരണം ആഘോഷമായി.
രാവിലെമുതല്‍ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി തിരിഞ്ഞാണ് കുട്ടികള്‍ ഔഷധസസ്യങ്ങള്‍ ശേഖരിച്ചത്. നാട്ടുകാരും ഇവര്‍ക്കൊപ്പംകൂടി. ഔഷധസസ്യങ്ങളെക്കുറിച്ചുള്ള സംശയങ്ങള്ക്ക് അധ്യാപകരും നാട്ടുകാരും കുട്ടികള്‍ക്ക് മറുപടി നല്‍കി. ശേഖരിച്ച സസ്യങ്ങളുമായി കൊല്ലാട്ടുപറമ്പിലെ ഇട്ടി അച്യുതന്റെ കുര്യാലയിലെത്തി പുഷ്പാര്‍ച്ചന നടത്തി. അതിനുശേഷം കുര്യാലയ്ക്ക് മുന്നില്‍വച്ച് തരംതിരിച്ചാണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്.
തയ്യാറാക്കിയ ഔഷധക്കഞ്ഞി കുട്ടികള്‍ നാട്ടുകാര്‍ക്കു പങ്കുവച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ ജയിംസ് ആന്റണി, ഹെഡ്മിസ്ട്രസ് ഡി.പത്മകുമാരി, പി.ടി.എ.പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍, അദ്ധ്യാപകരായ കെ.ജി.ശോഭനന്‍, എന്‍.എസ്. സതീഷ്, ഡി.ബിജി, എം.ജി. ശശികല, മിന്‍സിമോള്‍, എ.ഡി.രമ, ചിന്നമ്മ എന്നിവര്‍ നേതൃത്വം നല്‍കി.
കടക്കരപ്പള്ളി ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ സീഡ് ക്‌ളബംഗങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച ഔഷധസസ്യങ്ങള്‍ ഇട്ടി അച്യുതന്റെ കുര്യാലയ്ക്ക് മുന്നില്‍വച്ചു തരംതിരിക്കുന്നു