കിടങ്ങൂര്‍: പിറയാര്‍ ഗവ. എല്‍.പി.ബി.സ്‌കൂളില്‍ ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സീഡ് പദ്ധതിപ്രകാരം നടപ്പാക്കുന്ന നാടന്‍ ഫലവൃക്ഷത്തോപ്പിന്റെ നിര്‍മ്മാണം തിങ്കളാഴ്ച രാവിലെ 10.30ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്.ശ്രീകല വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
നമ്മുടെ നാട്ടില്‍നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ പഴങ്ങളെക്കുറിച്ചറിയാനും രുചിക്കാനും ഈ സംരംഭം സഹായകരമാകും. ഞാവല്‍, അത്തി, പേര, ചാമ്പ, റൂളിപ്പൂളി, നാരകം, ഇലുമ്പി, നെല്ലിപ്പൂളി, മാവ്, പ്ലാവ് തുടങ്ങിയ നാടന്‍ ഫലവൃക്ഷതൈകളാണ് ആദ്യഘട്ടത്തില്‍ നട്ടത്.
കുട്ടികളുടെ വീടുകളില്‍നിന്നാണ് തൈകള്‍ ശേഖരിച്ചത്. അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കായിരിക്കും മേല്‍നോട്ട ചുമതല. സീഡ് കോഓര്‍ഡിനേറ്റര്‍ ബിജോ ജോസഫ്, അധ്യാപകരായ ബീന എം., സബിത എസ്., പി.റ്റി.എ. പ്രസിഡന്റ് രാജു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.