അഗളി: സ്‌കൂൾപരിസരം നിറഞ്ഞുവളരുന്ന പാർത്തീനിയം വിഷച്ചെടികൾക്കിടയിൽനിന്ന് സഹപാഠികളുടെ ആരോഗ്യം സംരക്ഷിക്കാൻ 'മാതൃഭൂമി സീഡ് ക്ലബ്ബ്' മുന്നിട്ടിറങ്ങി.
അഗളിക്കടുത്ത് നെല്ലിപ്പതി സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ്മീഡിയം സ്‌കൂളിലെ സീഡ് പ്രവർത്തകരാണ് പാർത്തീനിയം നശീകരണത്തിനിറങ്ങിയത്. ആസ്മ, അലർജി, ത്വഗ്രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്നതാണ് പാർത്തീനിയം ചെടികൾ.
മഴ കനത്തതോടെ വളർച്ചകൂടിയ ചെടികൾ കുട്ടികൾക്കും വലിയ ഭീഷണിയാണ്. ലോകത്തുതന്നെ വീര്യമേറിയ പത്ത് വിഷച്ചെടികളിൽ ഒന്നാണ് പാർത്തീനിയമെന്നാണ് പഠനങ്ങളിൽ കാണുന്നത്. അട്ടപ്പാടിയിലെ തെരുവോരങ്ങളിലും വയലുകളിലും കൃഷിയിടങ്ങളിലും ഇവ നിറഞ്ഞുവളരുകയാണ്.
ക്ലബ്ബംഗങ്ങളായ ഹർഷ ജോസഫ്, സോന ബോബി, അരുൺ ടി.ആർ., സീഡ് കോഓർഡിനേറ്റർ ടി.ജി. സീന എന്നിവർ നേതൃത്വം നൽകി.