പെരിങ്ങോം: അരവഞ്ചാൽ ഗവ. യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ ‘നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം’ പരിപാടിക്ക് തുടക്കമായി. ഒരുവീട്ടിൽ ഒരുപപ്പായ എന്ന പദ്ധതിക്കും തുടക്കംകുറിച്ചു. എല്ലാ വിദ്യാർഥികൾക്കും പപ്പായത്തൈ വിതരണം ചെയ്തു.
മാറിവരുന്ന ഭക്ഷണരീതിയാണ് പല രോഗങ്ങൾക്കും കാരണമെന്ന് വിദ്യാർഥികൾ പരിപാടിയിലൂടെ മനസ്സിലാക്കി. ഫാസ്റ്റ് ഫുഡ് സംസ്കാരം ഒഴിവാക്കി പഴയകാല ഭക്ഷണക്രമത്തിലേക്ക് തിരിച്ചുവരണമെന്ന് സന്ദേശം നല്കാൻ പരിപാടിക്കു കഴിഞ്ഞു.
ചടങ്ങ് പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി.തമ്പാൻ ഉദ്ഘാടനം ചെയ്തു. വികസനകാരൃ സ്ഥിരംസമിതിയംഗം എം.ജനാർദനൻ അധ്യക്ഷത വഹിച്ചു. കർഷകൻ നർലോത്ത് മാർക്കോസ് പപ്പായ, പാഷൻഫ്രൂട്ട് തൈകൾ വിതരണം ചെയ്തു. കൃഷിഓഫീസർ പി.മോഹനൻ, ടി.വി.രാജീവൻ, പൂന്തോടൻ ബാലൻ, കെ.ഭരതൻ എന്നിവർ പ്രസംഗിച്ചു. പ്രഥമാധ്യാപകൻ കെ.എം.സദാശിവൻ സ്വാഗതവും സീഡ് കോ ഓർഡിനേറ്റർ പി.സുരേഷ്കുമാർ നന്ദിയും പറഞ്ഞു.