പാലക്കാട്: സ്‌കൂൾമുറ്റത്ത് സ്ഥലമില്ല, പഠിക്കാനേറെയുണ്ട്... ഇങ്ങനെയൊക്കെ പറഞ്ഞ് മണ്ണിനും മരങ്ങൾക്കുംവേണ്ടി ഒന്നും ചെയ്യാതിരിക്കാമായിരുന്നു ഇവർക്ക്. പക്ഷേ, ചെറിയൊരു വിത്ത് നടുന്നതുമുതൽ സ്‌കൂളിലേക്ക് നടക്കുന്ന വഴിയിലെ പരിസ്ഥിതിപ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽവരെ ഈ സീഡ് കൂട്ടം ഒറ്റക്കെട്ടാണ്. പരുത്തിപ്പുള്ളി ബമ്മണൂർ ജി.യു.പി. സ്‌കൂളിന് പാലക്കാട് വിദ്യാഭ്യാസജില്ലയിലെ ഹരിതവിദ്യാലയ പുരസ്‌കാരത്തിൽ ഒന്നാംസ്ഥാനം നേടിക്കൊടുത്തത് ഈ ഒത്തൊരുമയും അർപ്പണബോധവുമാണ്.
മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്നുള്ള സീഡ് പദ്ധതിയിൽ 15,000 രൂപയുടെ കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും ഇവർ നേടിയെടുത്തത് പച്ചപ്പിനുവേണ്ടിയുള്ള അധ്വാനംകൊണ്ടാണ്.
പ്രധാനാധ്യാപിക വി.എസ്. രമണിയും സീഡ് കോഓർഡിനേറ്റർ പി.ആർ. സാവിത്രിയും സീഡിന്റെ ആശയങ്ങൾ കുട്ടികളിൽ ശീലമാക്കാൻ പ്രചോദനം നൽകി. മനസ്സിന് കുളിർമയേകുംവിധം ഹരിതാഭമായതാണ് സ്‌കൂൾപരിസരം. സ്‌കൂളിലെ ഓരോ കുട്ടിയും മൂന്ന് മരംവീതം സംരക്ഷിക്കുന്നെന്നതും ഹരിത സീഡ് ക്ലബ്ബിന് അഭിമാനിക്കാവുന്ന കാര്യമാണ്.
80 ഇനം മരങ്ങളും ദശപുഷ്പങ്ങളും നാൾമരങ്ങളും ചേർന്ന ഒരു ഔഷധത്തോട്ടവും ഇവർക്കുണ്ട്. മികച്ച പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. വൃക്ഷനിരീക്ഷണം, കാവ് സന്ദർശനം എന്നിവയുൾപ്പെടെ മികച്ച ജൈവവൈവിധ്യ സംരക്ഷണപ്രവർത്തനമാണ് സ്‌കൂൾ നടത്തുന്നത്.
സ്ഥലപരിമിതി ഒരു പ്രധാന പ്രശ്‌നമായിട്ടും 505 കിലോ പച്ചക്കറി ഇവിടത്തെ മിടുക്കര് വിളയിച്ചെടുത്തു. സ്‌കൂൾ മട്ടുപ്പാവിൽ ഒരു കുട്ടിക്ക് ഒരു ചാക്ക് എന്ന കണക്കിൽ 150 ചാക്കുകളിലാണ് കൃഷി. ഇവർ വിളവെടുത്ത പച്ചക്കറികൾ സ്‌കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. കൃഷിഭവനുമായി സഹകരിച്ച് എല്ലാ കുട്ടികൾക്കും പച്ചക്കറിവിത്ത് വിതരണവും നടത്തി.
സ്‌കൂളിലെ ടാപ്പുകളിൽനിന്നും അടുക്കളയിൽനിന്നുമൊക്കെ ഉപയോഗിച്ച വെള്ളം പച്ചക്കറിത്തോട്ടത്തിലേക്ക് തിരിച്ചുവിട്ട് ജലം പാഴാക്കില്ലെന്ന പ്രതിജ്ഞയും ഇവർ പ്രാവർത്തികമാക്കി.
മഴവെള്ളസംഭരണി, മഴക്കുഴി എന്നിവയും സ്‌കൂളിലുണ്ട്. പരിസ്ഥിതിസംരക്ഷണം, ലഹരിവിമുക്ത വിദ്യാലയം, ശുചിത്വ ആരോഗ്യ സംരക്ഷണം, ഭക്ഷണം പാഴാക്കാതിരിക്കൽ എന്നിവ ലക്ഷ്യമാക്കി സീഡ് പോലീസ്സംഘവും ശ്രദ്ധേയമായ പ്രവർത്തനം നടപ്പാക്കുന്നുണ്ട്.
'കുന്നോളം പേനകൾ' എന്ന പദ്ധതിയിലൂടെ വലിച്ചെറിയുന്ന ബോൾപേനകളുടെ എണ്ണം കൂടുന്നതായി കണ്ടെത്തി. കുട്ടികൾ മഷിപ്പേനകൾ ഉപയോഗിച്ചുതുടങ്ങി. പ്ലാസ്റ്റിക്കിനെ സ്‌കൂളിന് പുറത്താക്കാനും ഇവർക്ക് കഴിഞ്ഞു. നാലുലക്ഷംരൂപ സ്ഥിരനിക്ഷേപവുമായി കുട്ടികൾക്കായി അക്ഷയ സമ്പാദ്യപദ്ധതിയും നടപ്പാക്കുന്നുണ്ട്.
201011, 201213 വർഷങ്ങളിൽ ഹരിതവിദ്യാലയത്തിനുള്ള രണ്ടാംസമ്മാനം നേടിയ തുകയും സീഡ് പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചും ഇവർ മാതൃക കാണിച്ചു.