പാലക്കാട്: സീഡ് പദ്ധതിയെ ജനകീയമാക്കി ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂൾ

Posted By : pkdadmin On 18th July 2014



പാലക്കാട്: പച്ചപ്പിനെ കാക്കുന്നവരെന്ന വിശേഷണം പ്രവൃത്തിയിലൂടെ തെളിയിച്ചവരാണ് ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂളിന്റെ ഹരിതം സീഡ് ക്ലബ്ബ്. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ ഹരിതവിദ്യാലയ പുരസ്‌കാരത്തിളക്കം ഇക്കുറി ഇവർ നേടിയെടുത്തത് പ്രവർത്തനമികവിലാണ്. മാതൃഭൂമിയും ഫെഡറൽ ബാങ്കും കൈകോർത്ത സീഡ് പദ്ധതിയിൽ 15,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമായി 'ഹരിതവിദ്യാലയ'ത്തിനുള്ള ഒന്നാംസമ്മാനത്തിന്റെ മധുരം ഹരിതം സീഡ് ക്ലബ്ബിന് സ്വന്തമാവും
 തണൽമരങ്ങളിൽ ആണിയടിച്ച് പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ കർശനനടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 1000 കത്തുകൾ ജില്ലയിൽനിന്ന് 'ഹരിതം' കൂട്ടായ്മ അയച്ചു. 180 കത്തുകൾ വിദ്യാലയത്തിലുള്ളവർ തന്നെ എഴുതി.
സ്‌കൂളിന് പുറത്തേക്ക് പരമാവധി പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് സീഡിനെ ജനകീയമാക്കാനും ഇവർക്ക് സാധിച്ചു. ജില്ലയിലെ മറ്റ് സ്‌കൂളുകളെ, മുഖ്യമന്ത്രിക്ക് കത്തയയ്ക്കുന്നതിൽ പങ്കാളികളാക്കി.
   കത്തുകൾ ലഭിച്ചതോടെ നടപടിയെടുക്കുമെന്ന ഉറപ്പിനൊപ്പം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അഭിനന്ദനവും ഈ കുട്ടിക്കൂട്ടം സ്വന്തമാക്കി. സ്‌കൂളിലെ സീഡ് കോഓർഡിനേറ്റർ എൻ. അച്യുതാനന്ദനും പ്രധാനാധ്യാപിക കെ. ഇന്ദിരയ്ക്കും കൂടി അവകാശപ്പെട്ടതാണ് ആ അഭിനന്ദനം. സീഡ് ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രചോദനമായി ഇവരുണ്ട്.
സീഡ് പോലീസിന്റെ നേതൃത്വത്തിൽ അമ്പലപ്പാറയിൽ 50 ആൽമരങ്ങൾ നട്ട് സംരക്ഷിക്കുന്നുണ്ട്. മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രതാപദ്ധതി, ലഹരിവിരുദ്ധ ബോധവത്കരണം, സമാധാനസന്ദേശറാലി, ട്രാഫിക് ബോധവത്കരണം, ശൈശവവിവാഹങ്ങൾക്കെതിരെ പ്രതിരോധശൃംഖല...ഇവർ ചെയ്തുതീർത്തത് ഒരുപാട് കാര്യങ്ങൾ.
 മഴയെ മണ്ണിലിറക്കുക എന്ന ലക്ഷ്യവുമായി നടത്തിയ 'എന്റെ മഴക്കുഴി നാടിന്റെ നന്മയ്ക്ക്' എന്ന ജലസംരക്ഷണപദ്ധതിയും ശ്രദ്ധേയമായി. വിദ്യാലയത്തിലും കുട്ടികളുടെ വീടുകളിലുമായി 500 മഴക്കുഴികളാണ് ഇവർ നിർമിച്ചത്.
സ്ഥലപരിമിതിയുണ്ടായിരുന്നെങ്കിലും നെല്ലും പച്ചക്കറിയും ഇവർ കൃഷിചെയ്തു. പത്ത് കിലോ നെല്ലും 231 കിലോ പച്ചക്കറിയും കൊയ്‌തെടുക്കുമ്പോൾ സ്‌കൂൾമുറ്റത്ത് ആഹ്ലാദം. പ്ലാസ്റ്റിക്കിനെതിരെ പോരാടാൻ തുണിസഞ്ചിവിതരണവും നടത്തി. സീഡ് കോഓർഡിനേറ്റർ എൻ. അച്യുതാനന്ദൻ 700 തുണിസഞ്ചികൾ സൗജന്യമായി നൽകി. ഇവ ജില്ലാകലോത്സവ രജിസ്‌ട്രേഷനിൽ ഉപയോഗിച്ചു. 3,500 തുണിസഞ്ചികളാണ് ചെറുമുണ്ടശ്ശേരി സ്‌കൂളിൽനിന്ന് വിതരണം ചെയ്തത്. സീസൺ വാച്ച് പ്രവർത്തനങ്ങളിലും മുന്നിട്ടുനിന്ന ഹരിതം സീഡ് ക്ലബ്ബിന്റെ 'ശലഭോദ്യാനം' ഏറെ അഭിനന്ദനം നേടി.


 

Print this news