പകൃതിസംരക്ഷണ സംസ്‌കാരം വളര്‍ത്തുന്നതില്‍ സീഡ് വഹിക്കുന്ന പങ്ക് നിസ്തുലം എം.സി.വേണുഗോപാല്‍

Posted By : ktmadmin On 16th July 2014


കുറവിലങ്ങാട്: പ്രകൃതിസംരക്ഷണ സന്ദേശം സമൂഹത്തിന് പകര്‍ന്നു നല്‍കി അതൊരു പുത്തന്‍ സംസ്‌കാരമാക്കി വളര്‍ത്തുന്നതില്‍ 'മാതൃഭൂമി സീഡ്' വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എം.സി.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി പാലാ, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലകളിലെ ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.
പിന്നിട്ട അഞ്ച് വര്‍ഷങ്ങള്‍ വിദ്യാര്‍ഥികളിലും അതുവഴി സമൂഹത്തിലേക്കും പ്രകൃതിസംരക്ഷണ അവബോധം വളര്‍ത്താനായി. പ്രകൃതിസംരക്ഷണം നാടിന്റെ നന്മയ്ക്കായി മാറുന്നു. ലോലമായി സന്തുലനം ചെയ്യപ്പെട്ട പരിസ്ഥിതിവ്യവസ്ഥയുടെ ഭാഗമാണ് മനുഷ്യനും. ജന്തുസസ്യജാലങ്ങള്‍ ഒന്നിക്കുന്ന ഈ ആവാസവ്യവസ്ഥ ഇന്ന് തകിടംമറിഞ്ഞിരിക്കുന്നു. കാട് വെട്ടിനശിപ്പിക്കുന്നു, മണ്ണ് ഖനനം ചെയ്യപ്പെടുന്നു, കുന്ന് ഇടിച്ചുമാറ്റുന്നു, ജലം മലിനമാക്കുന്നു...  ആവാസ്ഥവ്യവസ്ഥയുടെ നാശം അനന്തമായി നീളുകയാണ്. പ്രകൃതിസന്തുലനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വരച്ചുകാട്ടിയ വേണുഗോപാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരിലേക്ക് വരെ കുട്ടികളുടെയും അധ്യാപകരുടെയും ശ്രദ്ധ ക്ഷണിച്ചു.
 

പരിസ്ഥിതിസംരക്ഷണത്തില്‍ മാതൃഭൂമി വഹിക്കുന്ന പങ്ക് ബോധ്യമായതാണ് സീഡ് പദ്ധതിക്ക് പിന്തുണ നല്‍കാന്‍ ഫെഡറല്‍ ബാങ്കിനെ പ്രേരിപ്പിച്ചതെന്ന് എ.ജി.എം. ആന്‍ഡ് റീജണല്‍ ഹെഡ് ടോം തോമസ് തെക്കേല്‍ പറഞ്ഞു. കാര്‍ഷികമേഖലയില്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന സേവനം ശ്ലാഘനീയമാണെന്നും സീഡ് പദ്ധതി സ്‌കൂളുകളില്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നല്‍കുന്നതായി കോട്ടയം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. വന നശീകരണം പ്രകൃതിസന്തുലനത്തെ തകിടംമറിക്കുന്നതായി സോഷ്യല്‍ ഫോറസ്റ്ററി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജെ.സാംസണ്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി കോട്ടയം സീനിയര്‍ റീജണല്‍ മാനേജര്‍ എസ്.രാജേന്ദ്രപ്രസാദ്, ഡെപ്യൂട്ടി എഡിറ്റര്‍ കെ.ജി.മുരളീധരന്‍, ബിസിനസ് ഡെവലപ്‌മെന്റ് ഡെപ്യൂട്ടി മാനേജര്‍ കെ.ജി.നന്ദകുമാര്‍ ശര്‍മ്മ, സോഷ്യല്‍ ഇനിഷ്യേറ്റീവ്‌സ് എക്‌സിക്യൂട്ടീവ് യു.സി.അനുരാജ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ജിബി ജോസഫ് എന്നിവരും പ്രസംഗിച്ചു. മാതൃഭൂമി പത്തനംതിട്ട സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ആര്‍.പ്രഹ്ലാദന്‍, കോട്ടയം സീനിയര്‍ സബ് എഡിറ്റര്‍ സലിം അജന്ത എന്നിവര്‍ സെമിനാര്‍ നയിച്ചു.


 

Print this news