പ്രകൃതിക്ക് തണലാകേണ്ടത് മനുഷ്യ വംശത്തിന്റെ കടമഎസ്.പി. എസ്.സുരേന്ദ്രന്‍

Posted By : klmadmin On 10th July 2014


 കൊട്ടാരക്കര: ജീവന്‍ നല്‍കി നമ്മെ വളര്‍ത്തിയ പ്രകൃതിക്ക് തണലേകേണ്ടത് മനുഷ്യവംശത്തിന്റെ കടമയാണെന്നും അതിന് കഴിയാതെവന്നാല്‍ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക കോഓര്‍ഡിനേറ്റര്‍മാരുടെ പരിശീലന ശില്പശാല കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്.പി.

 വിദ്യാര്‍ഥികളെ പരിസ്ഥിതി ബോധമുള്ളവരാക്കാന്‍ അധ്യാപകരോളം കഴിവുള്ളവരില്ല. നല്ല സമൂഹത്തിന്റെ താക്കോല്‍ വാഹകരാണ് അധ്യാപകര്‍. നാടിന്റെ നല്ല നാളെകള്‍ക്കായി ദീര്‍ഘവീക്ഷണത്തോടെ തയ്യാറാക്കിയ സീഡ് പദ്ധതി ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോടെയും അധ്യാപകവിദ്യാര്‍ഥി സമൂഹം ഏറ്റെടുത്തത് വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. പൂര്‍വികര്‍ നമ്മളെ ഏല്പിച്ച പ്രകൃതിയെ കാത്തുസൂക്ഷിക്കുകയും വരുംതലമുറയ്ക്ക് കൈമാറുകയും വേണം. പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണമേകാന്‍ പോലീസ് പ്രതിജ്ഞാബദ്ധമാണ്. ജില്ലയില്‍ പരിസ്ഥിതിയെ നശിപ്പിക്കുന്ന ഏതുതരത്തിലുള്ള പ്രവര്‍ത്തനങ്ങളെയും തടയാന്‍വേണ്ടിയാണ് 'ഓപ്പറേഷന്‍ തണല്‍' ആരംഭിച്ചത്. പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും എസ്.പി. പറഞ്ഞു.മാതൃഭൂമി കൊല്ലം ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്റെ അധ്യക്ഷതയില്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ കെ.കേശവന്‍ പോറ്റി, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ പി.എം.തോമസ്‌കുട്ടി, കൊട്ടാരക്കര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.കെ.ശ്യാമളകുമാരി, കെ.എസ്.ടി.എ. ജില്ലാ ജോ. സെക്രട്ടറി പി.കുട്ടപ്പന്‍ പിള്ള, ജി.എസ്.ടി.യു. സംസ്ഥാന എക്‌സി. ആംഗം കെ.ഒ.രാജുക്കുട്ടി, എ.കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.ഷിജുകുമാര്‍, കെ.പി.എസ്.ടി.യു. ജില്ലാ ജോ. സെക്രട്ടറി പി.എ.സജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. 
മാതൃഭൂമി കൊല്ലം സ്‌പെഷല്‍ കറസ്‌പോണ്ടന്റ് സി.ഇ.വാസുദേവ ശര്‍മ്മ സ്വാഗതവും സീഡ് കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.സന്ദീപ് നന്ദിയും പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാല അസോ. പ്രൊഫസര്‍ ഷീബ റബേക്ക ഐസക്ക്, മാതൃഭൂമി റിസര്‍ച്ച് മാനേജര്‍ ആര്‍.ജയപ്രകാശ്, സീഡ് എക്‌സിക്യുട്ടീവ് കെ.വൈ.ഷെഫീക്ക്, സീഡ് കൊല്ലം റവന്യൂ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ്, കൊല്ലം വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്‍.ജയച്ചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. ചടയമംഗലത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച അധ്യാപക ദമ്പതിമാരായ  എ.വി.സാധുവിന്റെയും മേരി അമലയുടെയും നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
 

Print this news