സീഡ് ഹരിതവിദ്യാലയം പുരസ്‌കാരത്തിൽ രണ്ടാംസ്ഥാനം നേടിയ വരോട് എ.യു.പി. സ്‌കൂൾ സീഡ് അംഗങ്ങൾ
വരോട്: 'എന്താ ഈ മഞ്ചാടി?' നാളെ ഇങ്ങനൊരു ചോദ്യം വരാതിരിക്കാനാണ് അവർ ആദ്യം ശ്രമിച്ചത്. നമ്മുടെ ചുറ്റുപാടുകളിൽനിന്ന് അപ്രത്യക്ഷമാകുന്ന മഞ്ചാടിമരത്തെ സംരക്ഷിക്കാൻ വരോട് എ.യു.പി. സ്‌കൂളിലെ കുട്ടിക്കൂട്ടായ്മ അങ്ങനെയാണ് മഞ്ചാടിത്തൈകൾ വിതരണംചെയ്തത്.
വിദ്യാലയത്തിന് സമീപമുള്ള 101 വീടുകളിലാണ് ഇവർ മഞ്ചാടിത്തൈകൾ കൊടുത്തത്. ഇങ്ങനെ കരുതലുള്ള പരിസ്ഥിതിസ്‌നേഹംതന്നെയാണ് വരോട് എ.യു.പി.സ്‌കൂളിന് മാതൃഭൂമി സീഡ് പദ്ധതിയിൽ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ ഹരിതവിദ്യാലയപുരസ്‌കാരം നേടിക്കൊടുത്തത്.
മാതൃഭൂമിയും ഫെഡറൽബാങ്കും ചേർന്നുള്ള സീഡ്പദ്ധതിയിൽ വിജയികളായ വരോട് എ.യു.പി.എസ്സിന് 10,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്ന രണ്ടാംസമ്മാനം ലഭിക്കും.
സീഡ്പദ്ധതിയുടെകീഴിൽ തുടങ്ങിയ ജനകീയ മത്സ്യക്കൃഷി വിജയകരമാക്കിയെന്നുമാത്രമല്ല നാട്ടുകാരെയും പങ്കാളികളാക്കുകയും ചെയ്തു. നാട്ടിൻപുറങ്ങളിലെ കുളങ്ങളിലായിരുന്നു മത്സ്യക്കൃഷി. ഭക്ഷ്യസുരക്ഷയും ജലാശയസംരക്ഷണവും ലക്ഷ്യമാക്കിയായിരുന്നു പദ്ധതി.
കലാസാംസ്‌കാരിക കാർഷികമേഖലകളിലെ വിവരശേഖരണവുമായി പൊതുവിജ്ഞാനം ലക്ഷ്യമാക്കി സീഡ് ക്ലബ്ബ് അംഗങ്ങൾ 'ദേശാടനം' എന്ന ഡോക്യുമെന്ററിയും തയ്യാറാക്കി. വിദ്യാർഥികൾക്കായി പ്രകൃതിനിരീക്ഷണവും ഫോട്ടോഗ്രാഫി മത്സരവും നടത്തി.
മാലിന്യസംസ്‌കരണത്തിനായി പൈപ്പ് കമ്പോസ്റ്റിങ് തുടങ്ങി. സ്‌കൂളിനുള്ള അഞ്ച് പൈപ്പ് കമ്പോസ്റ്റുകൾ നിർമിച്ചു. ഉച്ചഭക്ഷണത്തിലെ മാലിന്യങ്ങൾ പച്ചക്കറിത്തോട്ടത്തിൽ വളമാക്കുകയും ചെയ്തു. പ്ലാസ്റ്റിക്കിനെതിരെ പൊരുതാനായി പേപ്പർബാഗ് നിർമാണവും തുടങ്ങി. കുഞ്ഞുമനസ്സുകളിൽ കാരുണ്യത്തിന്റെ വെളിച്ചംനിറച്ച് ആശ്രയദീപം പദ്ധതിയും തുടങ്ങി. കുട്ടികളിൽനിന്ന് ശേഖരിച്ചതുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുക എന്നതാണ് ലക്ഷ്യം.
ഒറ്റപ്പാലം ഐ കെയർ ആസ്പത്രിയുടെ സഹായത്തോടെ വരോട് എ.യു.പി.എസ്. സീഡ് സംഘം നാട്ടുകാർക്കുവേണ്ടി സൗജന്യ നേത്രപരിശോധനാക്യാമ്പ് നടത്തി. 40 പേർക്ക് സൗജന്യമായി കണ്ണടകൾ നൽകി. 12 പേർക്കായി ഒരുലക്ഷംരൂപ ചെലവ് വരുന്ന തിമിരശസ്ത്രക്രിയയും സൗജന്യമായി ചെയ്തുനൽകി.
തൊടിനിറയെ കോഴി, മടിനിറയെ ലാഭം എന്ന കോഴിക്കൃഷി പദ്ധതിയും ശ്രദ്ധേയമായി.
സീഡ് കുട്ടിക്കൂട്ടത്തിന് ഇങ്ങനെയൊക്കെ മണ്ണിനെ സ്‌നേഹിക്കാൻ പഠിപ്പിച്ചുകൊടുത്തത് സ്‌കൂൾ പ്രധാനാധ്യാപിക വി.ആർ. വിലാസിനിയും സീഡ് കോഓർഡിനേറ്റർ കെ. കൃഷ്ണരാജുമാണ്.