ഷൊറണൂർ: അഞ്ചുവർഷത്തെ പ്രവർത്തനമികവിൽനിന്ന് ആർജിച്ച അറിവും ആത്മവിശ്വാസവും കൈമുതലാക്കി കൂടുതൽ വേഗത്തിൽ മുന്നേറാനുള്ള തയ്യാറെടുപ്പായിരുന്നു അത്. മുൻവർഷങ്ങളിലെ പ്രവർത്തനത്തിൽനിന്ന് ലഭിച്ച അറിവുകൾ പങ്കുവെക്കാനും പുതിയത് നേടാനുമായി മാതൃഭൂമി സീഡ് കോഓർഡിനേറ്റർമാരായ അധ്യാപകർ വീണ്ടും ഒത്തുചേർന്നു.
ആറാംവർഷത്തിലേക്ക് കടക്കുന്ന മാതൃഭൂമി സീഡിന്റെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ കോഓർഡിനേറ്റർമാരായ അധ്യാപകർക്കുള്ള പരിശീലനക്ലാസ് കുളപ്പുള്ളി സമുദ്ര റെസിഡൻസിയിൽ നടന്നു.
ഒറ്റപ്പാലം ഡി.ഇ.ഒ. എ. കൃഷ്ണവേണി പരിശീലനക്ലാസ് ഉദ്ഘാടനംചെയ്തു. കുട്ടികൾക്കിടയിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിൽ മാതൃഭൂമി സീഡ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കൃഷ്ണവേണി പറഞ്ഞു. മാതൃഭൂമിയുടെ മഹത്തായ പ്രവർത്തനത്താൽ കുട്ടികളിൽ വലിയ മാറ്റം വന്നിട്ടുണ്ട്. സ്‌കൂളുകളിലെ പ്ലാസ്റ്റിക്‌നിരോധന പ്രവർത്തനങ്ങൾ, മരം നട്ടുപിടിപ്പിക്കൽ, പച്ചക്കറിക്കൃഷി എന്നിവയിലെല്ലാം ഈ മാറ്റം പ്രതിഫലിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
മാതൃഭൂമി പാലക്കാട് ചീഫ് സബ് എഡിറ്റർ രാജൻ ചെറുക്കാട്, സീസൺവാച്ച് കേരള കോഓർഡിനേറ്റർ കെ. മുഹമ്മദ്‌നിസാർ, സർക്കുലേഷൻ മാനേജർ സജി കെ. തോമസ് എന്നിവർ ക്ലാസെടുത്തു. മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ കെ. സേതുമാധവൻനായർ അധ്യക്ഷനായി. ഫെഡറൽ ബാങ്ക് എ.ജി.എം. ടി.എൻ. പ്രസാദ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. പി. ലീലാമ്മ, സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എ. വിനോദ്, രാകേഷ്, ജസ്റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു. മാതൃഭൂമി പാലക്കാട് ഡെപ്യൂട്ടി എഡിറ്റർ ടി. അരുൺകുമാർ സ്വാഗതവും സർക്കുലേഷൻ മാനേജർ സജി കെ. തോമസ് നന്ദിയും പറഞ്ഞു.