പാലക്കാട്:കിണാശ്ശേരി സ്‌കൂളിലെ 'പൊൻകതിരിന്' പത്തരമാറ്റ്

Posted By : pkdadmin On 9th July 2014



പാലക്കാട്: മുൻവർഷങ്ങളിൽ പരിമിതകൾക്കുമുന്നിൽ തോറ്റുപോയതാണിവർ. പക്ഷേ, പ്രകൃതിയോടുള്ള സ്‌നേഹവും കൂട്ടായ്മ നിറഞ്ഞ പ്രവർത്തനവുംകൊണ്ട് ഇത്തവണ അവർ ജയിച്ചു. സീഡ് പദ്ധതിയിലെ മികച്ച ഹരിതവിദ്യാലയമെന്ന പദവിയുടെ തിളക്കത്തോടെ കിണാശ്ശേരി എ.എം.എസ്.ബി. സ്‌കൂളാണ്  വിജയം കൊയ്‌തെടുത്തത്.
മാതൃഭൂമിയും ഫെഡറൽബാങ്കും ചേർന്ന് നടത്തുന്ന സീഡ് പദ്ധതിയിൽ പാലക്കാട് വിദ്യാഭ്യാസജില്ലയിൽ ഹരിത വിദ്യാലയത്തിനുള്ള രണ്ടാംസമ്മാനം കരസ്ഥമാക്കിയ ഇവർക്ക് 10,000 രൂപയുടെ അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും.
കാർഷികപ്രവർത്തനങ്ങളാണ് ഇവർ ഏറെ മുന്നേറിയ മേഖല. രണ്ടരപ്പറ നെല്ലാണ് കുട്ടിക്കർഷകർ ഇക്കഴിഞ്ഞ ആഗസ്തിൽ കൊയ്‌തെടുത്തത്. 68 കിലോ പയർ, 52 കിലോ വെണ്ടയ്ക്ക, 73 കിലോ മത്തങ്ങ... എന്നിങ്ങനെ 332 കിലോ പച്ചക്കറിയും ഇവർ കൃഷിചെയ്തു. 18 തരം പച്ചക്കറികൾ ജൈവവളം മാത്രമുപയോഗിച്ചാണ് ഉണ്ടാക്കിയത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചശേഷം ബാക്കിയുള്ളത് വില്പന നടത്തുകയും ചെയ്തതായി അധ്യാപകർ പറയുന്നു. സ്‌കൂളിലെ സ്ഥലപരിമിതിയൊന്നും ഇവരെ ബാധിച്ചതേയില്ല.
വിദ്യാലയത്തിനുചുറ്റും പ്രത്യേകതരം കള്ളിച്ചെടി ഉപയോഗിച്ച് ജൈവവേലിയും ഇവർ നട്ടുപിടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിൽ സാന്ത്വനപ്പെട്ടിയും സ്ഥാപിച്ചു. സ്‌കൂൾ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സീഡ് പോലീസുകാർ സ്‌കൂളിന്റെ മുൻവശത്ത് നാടൻപൂക്കളുള്ള ചെടികൾനിറഞ്ഞ പൂന്തോട്ടം സ്ഥാപിക്കുകയും ചെയ്തു. സ്‌കൂൾ പരിസരം മാലിന്യമുക്തമാക്കൽ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, മരങ്ങളിൽ ആണിയടിക്കുന്നതിനെതിരെയുള്ള പ്രവർത്തനങ്ങൾ... എന്നിവയെല്ലാം സീഡ് പോലീസിന്റെ നേട്ടങ്ങളാണ്.
വിദ്യാലയത്തിലെ സഹപാഠികളുടെ രോഗബാധിതരായ രക്ഷിതാക്കൾക്ക് കുട്ടികൾ ധനസഹായമെത്തിച്ചതും വേറിട്ട കാഴ്ചയായി. വൃക്ഷനിരീക്ഷണവും വനനിരീക്ഷണവുമൊക്കെ മികച്ച രീതിയിൽ പുരോഗമിക്കുന്നുമുണ്ട്.
പ്രധാനാധ്യാപകൻ ടി.ഡി. ബേബിയും സീഡ് കോഓർഡിനേറ്റർ പി.എ. ലസീന്തയും കുട്ടികൾക്ക് പ്രോത്സാഹനവും സഹായവും നൽകി ഒപ്പമുണ്ട്. കണ്ണാടി ഗ്രാമപ്പഞ്ചായത്തിലെ ഒരു സാധാരണ സ്‌കൂളിന് പത്തരമാറ്റ് തിളക്കമേകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നുണ്ട് പൊൻകതിർ സീഡ്ക്ലബ്ബ്.


 

Print this news