വാളക്കുളം . സമൂഹത്തിലേക്കിറങ്ങിയുള്ള വേറിട്ട പ്രവര്‍ത്തനങ്ങളാണ് വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ്സിനെ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ ഒന്നാമതെത്തിച്ചത്.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യത്തോടൊപ്പം തീരദേശസംരക്ഷണവും പുഴസംരക്ഷണവുമെല്ലാം ഈ ശ്രേഷ്ഠഹരിത വിദ്യാലയത്തിലെ കുട്ടികള്‍ക്ക് പഠനംപോലെ പ്രാധാന്യമുള്ളതായി.
60 ആണ്‍കുട്ടികളും 80 പെണ്‍കുട്ടികളുമടങ്ങുന്ന സീഡ് ടീം ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചപ്പോള്‍ ഒരു നാടിന്റെ സാംസ്‌കാരികബോധത്തെ പരിസ്ഥിതി ബോധത്തിലടിസ്ഥാനപ്പെടുത്തി മാറ്റിയെഴുതുകയായിരുന്നു. പശ്ചിമഘട്ട സംരക്ഷണം വിവാദമല്ല, വിവേകമാണ് എന്ന പ്രചാരണംതന്നെ ഉദാഹരണം. വിതരണംചെയ്ത 6000 ലഘുലേഖകള്‍ വഴിയും പശ്ചിമഘട്ട സംരക്ഷണത്തിന് ൈകയൊപ്പ് ചാര്‍ത്താന്‍ കുഞ്ഞിളംകൈകള്‍ എന്ന പരിപാടിയിലൂടെ ശേഖരിച്ച പതിനായിരത്തോളം ൈകയൊപ്പുകളിലൂടെയും പശ്ചിമഘട്ട സംരക്ഷണ കാര്യത്തില്‍ ഇവര്‍ നിലപാടറിയിച്ചു.
കടല്‍ത്തീരങ്ങളിലെ കരമണല്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചാലിയം കടപ്പുറത്ത് തീര്‍ത്ത കരമണല്‍ രക്ഷാകവചവും ശ്രദ്ധേയമായി.
സ്‌കൂളിലെ ഒരേക്കറിലധികം വരുന്ന മൈതാനത്ത് വീഴുന്ന മഴവെള്ളം പൂര്‍ണമായി മഴക്കുഴി വഴി ഭൂമിയിലേക്ക് ഇറക്കാന്‍ കഴിഞ്ഞതും നേട്ടമായി.
ജൈവവൈവിധ്യ സംരക്ഷണം, ഊര്‍ജസംരക്ഷണം, മലിനീകരണനിയന്ത്രണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും വേറിട്ട പ്രര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.
വൈദ്യുതിബില്‍ കുറയ്ക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ നോട്ടീസുകള്‍ വിതരണംചെയ്ത് ഊര്‍ജ സംരക്ഷണരംഗത്ത് മറ്റൊരു മാതൃക തീര്‍ത്തു.സീഡ് കോഓര്‍ഡിനേറ്റര്‍ കെ.പി. ഷാനിയാസ്, പ്രധാനാധ്യാപിക ആര്‍. മാലിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.