ആലപ്പുഴ: വിദ്യാർത്ഥികളെ പ്രകൃതിയുമായി അടുപ്പിക്കാൻ മാതൃഭൂമി സീഡ് പദ്ധതി വിദ്യാലയങ്ങൾക്ക് സഹായകമായെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജിമ്മി കെ.ജോസ്. മാതൃഭൂമി സീഡ് ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസജില്ലാ അധ്യാപകപരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂറോപ്യൻ രാജ്യങ്ങളിലെ വിദ്യാർത്ഥികളിൽ നേച്ചർ ഡെഫിസിറ്റ് സിൻഡ്രം എന്ന രോഗം കണ്ടുവരുന്ന അവസ്ഥയാണ്. കേരളത്തിൽ വിദ്യാർത്ഥികൾ പ്രകൃതിയിൽനിന്ന് അകന്നുപോകാതിരിക്കാൻ മാതൃഭൂമി സീഡ് പ്രവർത്തനം ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ നഗരചത്വരത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി യൂണിറ്റ് മാനേജർ സി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് ചീഫ് മാനേജർ ജോയി സെബാസ്റ്റ്യൻ, വനം വകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ എസ്. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. മാതൃഭൂമി ചീഫ് സബ് എഡിറ്റർ കെ.ജി. മുകുന്ദൻ, എസ്.ഡി. കോളേജ് അസി. പ്രൊഫ. ജി.നാഗേന്ദ്രപ്രഭു എന്നിവർ ക്ലാസ് നയിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റർ എസ്. പ്രകാശ് സ്വാഗതവും റവന്യുജില്ലാ എസ്.പി.ഒ.സി. ഡി. ഹരി നന്ദിയും പറഞ്ഞു.