പുതുതലമുറയിലേക്ക് നന്മയുടെ പാഠങ്ങള് പകരുകയാകണം ലക്ഷ്യം- വയലാര് ശരച്ചന്ദ്രവര്മ്മ

Posted By : Seed SPOC, Alappuzha On 8th July 2014


ചേര്ത്തല: മനസ്സില് നന്മയുടെ വിത്തുകള് നട്ട് പുതിയ തലമുറയ്ക്കായി അതിന്റെ പാഠങ്ങള് പകര്ന്നുനല്കുകയാകണം അധ്യാപകരുടെ ലക്ഷ്യമെന്ന് കവിയും ഗാനരചയിതാവുമായ വയലാര് ശരച്ചന്ദ്രവര്മ്മ പറഞ്ഞു.
മാതൃഭൂമി സീഡ് പദ്ധതിയുടെ പ്രവര്ത്തനങ്ങള്ക്കായി ചേര്ത്തല വിദ്യാഭ്യാസ ജില്ലയിലെ കോ ഓര്ഡിനേറ്റര്മാരായ അധ്യാപകർക്കും സീഡ് ക്ലബ്ബ് അംഗങ്ങള്ക്കുമായി നടത്തിയ ശില്പശാല ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടിക്കാലം മുതല് മരണംവരെ മനുഷ്യനൊപ്പമുള്ള മരങ്ങള് മാതാപിതാക്കളുടെ പ്രതീകങ്ങളാണെന്നും മരങ്ങളെ സംരക്ഷിക്കുകയെന്നാല് മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചേര്ത്തല എന്.എസ്.എസ്. യൂണിയന് ഹാളില് നടന്ന ചടങ്ങില് മാതൃഭൂമി യൂണിറ്റ് മാനേജര് സി.സുരേഷ്കുമാര് അധ്യക്ഷത വഹിച്ചു. ഫെഡറല് ബാങ്ക് ചീഫ് മാനേജര് വര്ഗ്ഗീസ് ജോണ്, ചേര്ത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര് ബീന നടേശ് എന്നിവര് ആശംസകളര്പ്പിച്ചു.
മാതൃഭൂമി ആലപ്പുഴ സീനിയര് സബ് എഡിറ്ററും സീഡ് റിസോഴ്സ് പേഴ്സണുമായ സംജദ് നാരായണന്, മാരാരി ബീച്ച് റിസോര്ട്സ് ജനറല് മാനേജര് പി. സുബ്രഹ്മണ്യന് എന്നിവര് ക്ലാസ്സ് നയിച്ചു.
മാതൃഭൂമി ആലപ്പുഴ ന്യൂസ് എഡിറ്റര് എസ്. പ്രകാശ് സ്വാഗതവും പരസ്യവിഭാഗം മാനേജറും റവന്യു ജില്ലാ സീഡ് എസ്.പി.ഒ.സി.യുമായ ഡി. ഹരി നന്ദിയും പറഞ്ഞു. 

Print this news