ചീമേനി: സ്‌കൂള്‍ വളപ്പില്‍ ഔഷധച്ചെടികളും ഫലവൃക്ഷങ്ങളും പച്ചക്കറിയും വാഴയും കൃഷി ചെയ്ത് നൂറുമേനി വിളയിച്ച നാലിലാംകണ്ടം ഗവ. യു.പി. സ്‌കൂള്‍ സീഡ് പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ സഹപാഠികളുടെ സുരക്ഷക്കായി 'സുരക്ഷാനിധി' തുടങ്ങി.
കുട്ടികള്‍ അനാവശ്യമായി ചെലവഴിക്കുന്ന നാണയത്തുട്ടുകള്‍ മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താത്പര്യമുള്ളവരില്‍നിന്നുള്ള സഹായവും സുരക്ഷാനിധിയിലേക്ക് സ്വീകരിക്കും. വിദ്യാലയത്തിലെയും സമീപ പ്രദേശങ്ങളിലേയും പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൈതാങ്ങാവുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പരിസ്ഥിതി ക്ലബിന്റെയും തണല്‍ കൂട്ടായ്മയുടെയും സഹായനിധി വിതരണവും സുരക്ഷാനിധി ഉദ്ഘാടനവും ഡപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ് നിര്‍വഹിച്ചു. ബ്രിട്ടല്‍ബോണ്‍ രോഗത്താല്‍ അവശത അനുഭവിക്കുന്ന ആറാം ക്ലാസുകാരി ശില്പയ്ക്കും സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച രേഷ്മയ്ക്കും സഹായധനം നല്‍കി.
പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ കൃഷിചെയ്ത 300 വാഴകളില്‍ നൂറോളം ടിഷ്യുകള്‍ച്ചര്‍ വാഴകള്‍ വിളവെടുത്തുതുടങ്ങി. സ്‌കൂള്‍ ആവശ്യത്തിന് ശേഷമുള്ള കുലകള്‍ പുറത്തേക്കാണ് നല്‍കുന്നത്. ഇങ്ങനെ കിട്ടുന്ന തുകയും സുരക്ഷാനിധിയിലേക്ക് നല്‍കും. ഹരിതസേനയുടെ നേതൃത്വത്തില്‍ ഔഷധത്തോട്ടവും ഫലവൃക്ഷത്തോട്ടവും പച്ചക്കറി കൃഷിയും നടന്നുവരുന്നു.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ.പി.ശ്രീധരന്‍, പി. കരുണാകരന്‍, എം.സിന്ധു, ശൈലജ, എ.ലീല, വേണുഗോപാലന്‍ കെ.വി., എ.ജി. അബ്ദുള്‍ സലാം, അനൂപ് കല്ലത്ത് എന്നിവര്‍ സംസാരിച്ചു.