പയ്യന്നൂര്‍: കക്കിരിയാട്ടെ വിഷചികിത്സാ കേന്ദ്രത്തില്‍ ഔഷധത്തോട്ടമൊരുക്കാന്‍ ഏറ്റുകുടുക്ക എ.യു.പി.സ്‌കൂളിലെ സീഡ് കുട്ടികള്‍ രംഗത്തിറങ്ങി. കൂവളം, അശോകം, ചമത, ഉങ്, പുഷ്‌കരമൂലം, കരിനെച്ചി, വാതംകൊല്ലി, ഈശ്വരമുല്ല, കറ്റാര്‍വാഴ, ചിറ്റമൃത്, വയല്‍ചുള്ളി, ഇന്‍സുലിന്‍ ചെടി, രാമച്ചം, പാല്‍മുതുക്ക്, ചങ്ങലം പരണ്ട, ചിറ്റരത്ത, കയ്യോന്നി, നിലവേപ്പ് തുടങ്ങി നൂറോളം ഔഷധസസ്യങ്ങളാണ് നട്ടത്. ജില്ലയില്‍ വിഷചികിത്സാരംഗത്ത് ശ്രദ്ധേയമായതാണ് കാങ്കോല്‍ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്തിലെ കക്കിരിയാട് വിഷചികിത്സാ കേന്ദ്രം.
ഔഷധസസ്യങ്ങളുടെ നടീല്‍ ഉദ്ഘാടനം കാനാതീത്തലെവീട്ടില്‍ കുഞ്ഞിക്കൃഷ്ണന്‍ വൈദ്യര്‍ നിര്‍വഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, വിഷചികിത്സാകേന്ദ്രം സെക്രട്ടറി ടി.വിജയന്‍, സീഡ് കണ്‍വീനര്‍ അനന്തുകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.