പാലക്കാട്:വിഷമില്ലാത്ത അടുക്കളയ്ക്കായി 'വീട്ടിലൊരു കറിവേപ്പ്'

Posted By : pkdadmin On 27th June 2014


 ഒറ്റപ്പാലം: കീടനാശിനികള്‍ തളിച്ച കറിവേപ്പിലയ്ക്ക് വിട. ചെറുമുണ്ടശ്ശേരിയിലെ കുട്ടികളുടെ വീട്ടില്‍ ഇനി തൊടിയിലെ ശുദ്ധമായ കറിവേപ്പിലയുണ്ടാകും. അടുക്കള കീടനാശിനിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളാണ് 'വീട്ടിലൊരു കറിവേപ്പ്, വിഷമില്ലാത്ത അടുക്കള' പദ്ധതിയുമായി രംഗത്തുവന്നത്.

ഒന്നാംക്ലാസ് വിദ്യാര്‍ഥിയായ അഭിനവിന് കറിവേപ്പിലത്തൈ നല്‍കി അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രീത മോഹന്‍ദാസ് പദ്ധതി ഉദ്ഘാടനംചെയ്തു. 'കുട്ടികളും പരിസ്ഥിതിയും' വിഷയത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. രാജഗോപാല്‍ ക്ലാസെടുത്തു. പഞ്ചായത്തിനെ ഹരിതാഭമാക്കാനുള്ള സീഡ് ക്ലബ്ബിന്റെ 'എന്റെ തണല്‍ ഗ്രാമം' പദ്ധതിയും തുടങ്ങി.
സാധന വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ക്ലാസിനൊരു മരം നട്ടുവളര്‍ത്തലിന് തുടക്കമായി. പോസ്റ്റര്‍രചന, സീഡ് ക്ലബ്ബിന്റെ 'ഉറവ്' മാഗസിന്‍ പ്രകാശനം, പരിസ്ഥിതി ശുചിത്വസന്ദേശ റാലി, ശുചിത്വ ദീപം തെളിയിക്കല്‍ എന്നിവ നടന്നു. പഞ്ചായത്തംഗം പി. മുഹമ്മദ് കാസിം, കെ. വേലായുധന്‍, പ്രധാനാധ്യാപിക കെ. ഇന്ദിര, സിഡ് കോഓര്‍ഡിനേറ്റര്‍ കെ. അച്യുതാനന്ദന്‍, ടി. പ്രകാശ്, പി. രുക്മിണി, കെ. മഞ്ജു, കെ. പ്രീത, ബി. അനശ്വര എന്നിവര്‍ പ്രസംഗിച്ചു. 
 
 

Print this news