ചാരമംഗലം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തന മികവില്‍ ചാരമംഗലം ഗവ. ഡി.ബി.എച്ച്.എസ്സിന് കാര്‍ഷിക അവാര്‍ഡ്. ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടത്തിയ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ചാരമംഗലം സ്‌കൂളിന് ലഭിച്ചത്.
മാതൃഭൂമി സീഡ് ക്ലബ്ബിലെ അംഗങ്ങളും കാര്‍ഷിക ക്ലബ്ബിലെ അംഗങ്ങളും പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങളും ചേര്‍ന്ന് സ്‌കൂള്‍ വളപ്പില്‍ നെല്‍ക്കൃഷി, വാഴക്കൃഷി, പച്ചക്കറിക്കൃഷി തുടങ്ങിയവ നടത്തി നേട്ടമുണ്ടാക്കി. ജൈവവളം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. 82 കിലോ പയറും 90 കിലോ പീച്ചിലും 80 കിലോ പാവലും 110 കിലോ പടവലവും 155 കിലോ വെള്ളരിയും 1200 ചുവട് ചീരയും 56 കിലോ ചേനയും 100 വാഴക്കുലകളും കഴിഞ്ഞ അധ്യയനവര്‍ഷം കുട്ടിക്കര്‍ഷകര്‍ ഉത്പാദിപ്പിച്ചിരുന്നു.
പതിനായിരം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
മാതൃഭൂമി സീഡ് പദ്ധതിയില്‍ ചാരമംഗലം സ്‌കൂളിന് കഴിഞ്ഞ രണ്ടുവര്‍ഷവും ഹരിതവിദ്യാലയം അവാര്‍ഡ് ലഭിച്ചിരുന്നു.
കഞ്ഞിക്കുഴി കൃഷി ഓഫീസര്‍ ഇ.വി. റെജി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.ജി. സുരേഷ്, പി.ടി.എ. പ്രസിഡന്റ് ജി. ഹരിദാസ്, അധ്യാപകരായ കെ.കെ. പ്രതാപന്‍, ബാബുരാജ്, പി.കെ. രവീന്ദ്രന്‍, ജയലാല്‍ എന്നിവരാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികള്‍ക്കുവേണ്ട സഹായം നല്‍കുന്നത്.