പുന്നപ്ര: വിദ്യാലയമുറ്റത്തെ തണല്‍മരച്ചുവട്ടില്‍ ഒരുപശുക്കുട്ടിയുണ്ട്. കുട്ടികള്‍ അവള്‍ക്കിട്ട പേരാണ് സുന്ദരി. കുറമ്പുകാരിയെങ്കിലും കുട്ടികള്‍ അടുത്തെത്തുമ്പോള്‍ സുന്ദരി അനുസരണക്കാരിയാകും. പുന്നപ്ര യു.പി.സ്‌കൂളിലാണ് സുന്ദരിയും കൂട്ടുകാരും കാര്‍ഷിക സംസ്‌കാരത്തിന്റെ കാഴ്ചയാകുന്നത്. അക്ഷരങ്ങള്‍ക്കൊപ്പം കൃഷിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന പുന്നപ്ര യു.പി.സ്‌കൂളാണ് ഈ വര്‍ഷം ആലപ്പുഴ വിദ്യാഭ്യാസ ജില്ലയില്‍ മാതൃഭൂമി സീഡ് പദ്ധതിയില്‍ ഒന്നാംസ്ഥാനം നേടി ഹരിതവിദ്യാലയ പുരസ്‌കാരം കരസ്ഥമാക്കിയത്.
മാതൃകാഗ്രാമം പദ്ധതി, തുണിസഞ്ചി നിര്‍മ്മാണം, ജൈവകൃഷി, കാമധേനു പദ്ധതിയില്‍ പശുവളര്‍ത്തല്‍, ഞവരനെല്‍കൃഷി, ട്രാഫിക്ക് ബോധവത്കരണം, കനാല്‍ക്കരയിലെ മരങ്ങളെയും പക്ഷികളെയും നശിപ്പിച്ചതിനെതിരെ ക്രിയാത്മക പ്രതികരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെ മികവാണ് സ്‌കൂളിനെ ഹരിതവിദ്യാലയമായി തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹമാക്കിയത്.
കുട്ടികളെ പശുവളര്‍ത്തലില്‍ പ്രോത്സാഹനം നല്‍കുന്നതിനാണ് കാമധേനു പദ്ധതി അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ സഹകരണത്തോടെ നടപ്പാക്കിയത്. കുട്ടനാട്ടിലെ കൈനകരിയില്‍ നിന്നാണ് ഒരുവര്‍ഷംമുമ്പ് പശുക്കിടാവിനെ വാങ്ങിയത്. ഇന്നതിന് രണ്ടുവയസ്സായി.
സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍തന്നെയാണ് ഇതിനെ പരിചരിക്കുന്നത്. സ്‌കൂള്‍വിട്ടാല്‍ അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ ശ്രദ്ധയുണ്ടാകും.
സ്‌കൂള്‍ മൈതാനത്തെ 35 സെന്റില്‍ ഇവര്‍ ഔഷധമൂല്യമുള്ള ഞവരനെല്‍കൃഷിചെയ്ത് നേട്ടം കൊയ്തു. പാലക്കാട് പട്ടാമ്പിയില്‍നിന്നാണ് വിത്തുശേഖരിച്ചത്. സീഡ്ക്‌ളബ്ബും കാര്‍ഷികക്‌ളബ്ബും അധ്യാപക രക്ഷാകര്‍ത്തൃസമിതിയും മേല്‍നോട്ടം വഹിച്ചു. 60 ദിവസം കൊണ്ട് വിളവെടുത്തു. ഔഷധക്കഞ്ഞിയുണ്ടാക്കി കുട്ടികള്‍ക്ക് തന്നെകൊടുത്തു. പിന്നീടിവിടെ പച്ചക്കറി കൃഷിയായി. പയര്‍, ചീര, പാവല്‍, വെള്ളരി, പച്ചമുളക്, വഴുതന, വെണ്ട എന്നിവയെല്ലാം കൃഷിചെയ്തു. ഉച്ചഭക്ഷണത്തിന് കറികളാക്കാന്‍ ഇവ ഉപയോഗിക്കുക വഴി വിപണികളില്‍നിന്ന് പച്ചക്കറി വാങ്ങുന്നത് കുറയ്ക്കാനായി.സീഡ് ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ദത്തെടുത്ത് നടത്തിയ പ്‌ളാസ്റ്റിക് നിര്‍മ്മാര്‍ജന പ്രവര്‍ത്തനവും ശ്രദ്ധ പിടിച്ചുപറ്റി. ഗ്രാമത്തിലെ 385 വീടുകള്‍ കേന്ദീകരിച്ചായിരുന്നു പ്രവര്‍ത്തനം. ബോധവത്കരണറാലിയും സെമിനാറും വീടുവീടാന്തരം കയറിയിറങ്ങി സര്‍വ്വേയും കുട്ടികള്‍ നടത്തി. റംസാന്‍ മാസത്തിലെ 27ാം നാളില്‍ നോമ്പുകഞ്ഞി വിതരണം ചെയ്തു. വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയുണ്ടും കുട്ടികള്‍ മാനവസ്‌നേഹത്തിന്റെയും മതമൈത്രിയുടെയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
1930 ല്‍ സ്ഥാപിക്കപ്പെട്ടതാണ് പുന്നപ്ര യു.പി.സ്‌കൂള്‍. അഞ്ചുമുതല്‍ ഏഴുവരെ ക്‌ളാസ്സുകളിലായി 801 കുട്ടികളാണ് ഇവിടെയുള്ളത്. കഴിഞ്ഞവര്‍ഷം 231 കുട്ടികള്‍ പുതുതായി പ്രവേശനം നേടിയ സ്‌കൂളില്‍ ഇത്തവണ 275 പേരാണ് പുതുതായെത്തിയത്.
സ്‌കൂള്‍ മാനേജര്‍ കെ.പ്രസന്നകുമാര്‍, പ്രഥമാധ്യാപിക പി.ഒ.സുമാദേവി, അധ്യാപക രക്ഷാകര്‍ത്തൃസമിതി പ്രസിഡന്റ് പി.എച്ച്.ബാബു, സീഡ് കോ ഓര്‍ഡിനേറ്റര്‍ വിനോദ് രാജന്‍ എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും സീഡ് പ്രവര്‍ത്തനത്തിന്റെ വിജയത്തിന് പിന്നിലുണ്ട്.