ആറന്മുള: ദേശീയ ഹരിതസേനയുടെ ജില്ലയിലെ മികച്ച ഇക്കോ ക്ലബ്ബിനുള്ള പുരസ്‌കാരം കിടങ്ങന്നൂര്‍ എസ്.വി.ജി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏറ്റുവാങ്ങിയപ്പോള്‍ അത് മാതൃഭൂമി സീഡ് ക്ലബ്ബിനുള്ള അംഗീകാരംകൂടിയായി. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ട്രോഫിയുമടങ്ങുന്ന അവാര്‍ഡ് ഗവര്‍ണര്‍ ഷീലാ ദീക്ഷിതാണ് തിരുവനന്തപുരത്ത് പരിസ്ഥിതിദിനത്തില്‍ സമ്മാനിച്ചത്. സീഡ് ക്ലബ്ബ് പ്രവര്‍ത്തകരായ പ്രിയമോളും ഉമേഷുമാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ജില്ലയില്‍നിന്ന് 25 സ്‌കൂളുകളാണ് മത്സരിച്ചത്. ഇതില്‍ 10 മികച്ച സ്‌കൂളുകള്‍ക്ക് തിരുവനന്തപുരത്ത് വീണ്ടും മത്സരം നടത്തിയാണ് ജേതാക്കളെ നിശ്ചയിച്ചത്. പ്രൊഫ.ആര്‍.വി.ജി.മേനോന്‍ നേതൃത്വം നല്‍കിയ പാനലാണ് സ്‌കൂളുകളെ നിര്‍ണയിച്ചത്. കഴിഞ്ഞ വര്‍ഷം എസ്.വി.ജി.വി. സ്‌കൂള്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് സ്‌കൂളായിരുന്നു. തണല്‍ നേച്ചര്‍ ക്ലബ്ബും സീഡ് ക്ലബ്ബും ചേര്‍ന്നാണ് സ്‌കൂളിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ജൂണ്‍, സപ്തംബര്‍, ഡിസംബര്‍ മാസങ്ങളിലായി സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ ശബരിമല വനത്തിലെ ആദിവാസിക്കുടിലുകള്‍ സന്ദര്‍ശിച്ച് സഹായങ്ങള്‍ വിതരണം ചെയ്തിരുന്നു.
നാടന്‍ വിഭവങ്ങള്‍ പരിചയപ്പെടുത്താന്‍ സ്‌കൂളില്‍ നടത്തിയ അട മഹോത്സവം, പള്ളിമുക്കം ക്ഷേത്രത്തിലെ കാവ് സംരക്ഷണം, കോഴിത്തോടിനു കരകളിലെ കണ്ടല്‍ക്കാട് വച്ചുപിടിപ്പിക്കല്‍, നാല്‍ക്കാലിക്കല്‍ പാലത്തിനു സമീപം തണല്‍മരങ്ങള്‍ വച്ചുപിടിപ്പിച്ചു നടപ്പാക്കുന്ന വഴിയോരക്കാറ്റ്, സ്‌കൂളിലെ നക്ഷത്രവനം, ശലഭോദ്യാനം, കദളീവനം, പച്ചക്കറിത്തോട്ടം, നെച്ചിത്തോട്ടം എന്നിവ അവാര്‍ഡിനായി പരിഗണിച്ചു. ഇതെല്ലാം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയവയാണ്. പ്രിന്‍സിപ്പല്‍ സി.ആര്‍.പ്രീത, ഹെഡ്മിസ്ട്രസ് ശ്യാമളാമ്മ, സീഡ് കോഓര്‍ഡിനേറ്റര്‍ ജ്യോതിഷ് ബാബു, എന്നിവരുടെ നേതൃത്വത്തിലാണ് പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ നടന്നത്.