ഈരാറ്റുപേട്ട: മുസ്ലിം ഗേള്‍സ് സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗുണമുള്ള ചക്ക എന്ന പരിപാടിയില്‍ പ്ലാവ് ജയന്‍ എന്ന കെ.ആര്‍.ജയന്‍ ക്ലാസ്സെടുത്തു. ചക്കയുടെ ഗുണങ്ങളും പോഷകമൂല്യവും രോഗപ്രതിരോധശക്തിയും ബോധ്യപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു പരിപാടി.
ചക്കകൊണ്ടുണ്ടാക്കാവുന്ന വിവിധ ഭക്ഷ്യവിഭവങ്ങളെക്കുറിച്ചും വിവിധയിനം പ്ലാവുകളെക്കുറിച്ചും ജയന്‍ പകര്‍ന്ന അറിവുകള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ കൗതുകകരമായി. നമ്മുടെ നാട്ടില്‍ സുലഭമായതും ഏറെ പോഷകസമൃദ്ധവുമായ ചക്കയെ നാം വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല എന്ന തിരിച്ചറിവാണ് സീഡ് ക്ലബ്ബിനെ ഈ ബോധവത്കരണ പരിപാടിയിലേക്ക് നയിച്ചത്. വിവിധ ചക്ക വിഭവങ്ങളുടെ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടന്നു.
ഹെഡ്മിസ്ട്രസ് ആര്‍.ഗീത, പി.ടി.എ. പ്രസിഡന്റ് സുഹ്‌റ അബ്ദുള്‍ഖാദര്‍, എം.എഫ്.അബ്ദുള്‍ഖാദര്‍, സീഡ് കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് ലൈസല്‍, കെ.എം.സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.