പന്തളം: ‘പ്രകൃതിയില്ലെങ്കിൽ മനുഷ്യരില്ല, മനുഷ്യർക്കും ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഭൂമി.’ ഈ വെളിച്ചം കുട്ടികളുടെ മനസ്സിൽ പതിച്ച് പ്രകൃതിയോടിണങ്ങിച്ചേരാൻ അവർ കൈകോർത്തു.
ജില്ലയിൽ സീഡ് ആറാം വർഷത്തിലേക്ക് കടക്കുന്ന സുദിനമായിരുന്നു വ്യാഴാഴ്ച. കഴിഞ്ഞവർഷത്തെ സീഡിന്റെ ജില്ലാതല അവാർഡ്നേടിയ പന്തളം എൻ.എസ്.എസ്. ഇംഗ്ലീഷ്മീഡിയത്തിന്റെ അങ്കണത്തിൽ വാഴ നട്ട് പ്രവർത്തനം ഉദ്ഘാടനംചെയ്തത് സീഡ് പ്രവർത്തനത്തിൽ മുഖ്യപങ്കാളിയായ ഗിരീഷാണ്.
കിടപ്പാടമില്ലാത്ത കൂട്ടുകാരന് ഉള്ളതിൽ പകുതി ഭൂമി ദാനംചെയ്ത് ശ്രദ്ധേയനായ പറക്കോട് അമൃത പി.ജി.എം. ബോയ്സ് ഹൈസ്കൂളിലെ ഗിരീഷിന് എൻ.എസ്.എസ്. ഇംഗ്ലീഷ്മീഡിയം യു.പി. സ്കൂൾ ഉപഹാരവും നൽകി.
സ്കൂൾവളപ്പിൽ കറിവേപ്പിൻതൈ നട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. മാത്യുവും ഉദ്ഘാടനത്തിൽ പങ്കാളിയായി. സ്കൂൾ പ്രിൻസിപ്പൽ എസ്. ലീലാമ്മ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. മാത്യു മുഖ്യപ്രഭാഷണം നടത്തി.
മാതൃഭൂമി പ്രത്യേകലേഖകൻ ടി. അജിത്കുമാർ, ഫെഡറൽ ബാങ്ക് എ.ജി.എം. പരമേശ്വരൻനായർ, ആത്മ േപ്രാജക്ട് ഡയറക്ടർ എൽ. ബീനാകുമാരി,കൃഷി അസിസ്റ്റൻറ് ഡയറക്ടർ സുധീഷ് വി.ജോൺ, കൃഷി ഓഫീസർ ജോർജി വർഗീസ്, അധ്യാപകൻ വി. ശ്രീജിത്ത്, എം.എച്ച്. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
സീഡ് അധ്യാപക കോ-ഓർഡിനേറ്റർ വി. രാജേഷ്കുമാർ സ്വാഗതവും മാതൃഭൂമി സീഡ് എക്സിക്യൂട്ടീവ് യു.സി. അനുരാജ് നന്ദിയും പറഞ്ഞു.