പക്ഷികളും മീനുകളും സാക്ഷി; ചെറുകുന്നിലെ കണ്ടൽക്കാട് ഇനി കുട്ടികൾക്ക്

Posted By : knradmin On 14th June 2014


 
സീഡ് ആറാം വർഷത്തിലേക്ക്
കണ്ണൂർ: പുതിയതലമുറ പ്രകൃതിയെ അറിഞ്ഞും സംരക്ഷിച്ചും വളരണമെന്ന ലക്ഷ്യത്തോടെ ചെറുകുന്ന് പഞ്ചായത്തിലെ 1.16 ഏക്കർ കണ്ടൽക്കാട് ‘മാതൃഭൂമി’ വിദ്യാർഥിസമൂഹത്തിനു സമർപ്പിച്ചു.
  ചെറുകുന്ന് ഗവ.വെൽെഫയർ ഹയർസെക്കൻഡറി സ്കൂളിനു സമീപമുള്ള കണ്ടൽക്കാടാണ് ‘മാതൃഭൂമി’പുതുതലമുറയ്ക്കായി സമർപ്പിച്ചത്.ലോക പരിസ്ഥിതി ദിനത്തിൽ ‘മാതൃഭൂമി’ സീഡിന്റെ പ്രവർത്തനം ആറാം വർഷത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാറാണ് കണ്ടൽക്കാട് സമര്പ്പണം നടത്തിയത്. ജീവന്റെ നിലനിൽപ്പുപോലും ചോദ്യംചെയ്യപ്പെടുന്ന വേളയിൽ ജൈവകുലത്തിനോടുള്ള നീതിയാണ് ഈ സമർപ്പണമെന്ന് വീരേന്ദ്രകുമാർ പറഞ്ഞു.
പ്രാണവായു തരുന്ന മരങ്ങളും കുടിവെള്ളംതരുന്ന പുഴകളും മരിച്ചുകൊണ്ടിരിക്കുകയാണ്. 
ഒരടിമണ്ണ് സംരക്ഷിക്കുകയെന്നത് ജീവൻ നിലനിർത്താനുള്ള മഹത്തായ ദൗത്യമാണ്.പ്രകൃതി സ്വയം സൃഷ്ടിച്ച പ്രതിരോധങ്ങൾ കാത്തുസൂക്ഷിക്കുന്നതിലൂടെ കുട്ടികൾ മാതൃകയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെൽെഫയർ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർഥികൾ സമീപത്തെ സ്വകാര്യഭൂമിയിൽ കണ്ടൽച്ചെടികൾ നട്ടുവളർത്തുകയും മരങ്ങൾസംരക്ഷിക്കുകയും ചെയ്തിരുന്നു.
ഒരവധിക്കാലം കഴിഞ്ഞുതിരിച്ചുവന്നപ്പോൾ ചില മരങ്ങൾ നശിപ്പിക്കപ്പെട്ടത് കുട്ടികളെ വല്ലാതെ വേദനിപ്പിച്ചു.അവരുടെ വിഷമം മനസ്സിലാക്കി ‘മാതൃഭൂമി’ സമീപത്തെ കണ്ടൽക്കാട് വാങ്ങി സംരക്ഷിച്ചുപോരുകയായിരുന്നു.
 കണ്ടൽ സംരക്ഷണത്തിനു നേതൃത്വം നൽകിയ സനോജ്,അബ്ദുള്ള എന്നീ വിദ്യാർഥികളെ എം.പി.വീരേന്ദ്രകുമാർ ആദരിച്ചു.പുതുതായി നടാനുള്ള കണ്ടൽച്ചെടികളും അദ്ദേഹം വിതരണം ചെയ്തു. ‘കണ്ടൽ കാക്കാൻ കുട്ടിക്കൂട്ടം’ എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ഫലകം വിദ്യാർഥികൾക്ക് നൽകിയാണ് സമർപ്പണം നിർവഹിച്ചത്.ചെറുകുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണി സ്റ്റിക്കർ പ്രകാശനം നടത്തി. വാർഡ് മെമ്പർ ഹസ്സൻകുഞ്ഞ് പ്രസംഗിച്ചു. ‘മാതൃഭൂമി’ കണ്ണൂർ യൂണിറ്റ് മാനേജർ ജോബി പി.പൗലോസ് സ്വാഗതവും സ്കൂൾ പ്രഥമാധ്യാപകൻ പി.നാരായണൻ കുട്ടി നന്ദിയും പറഞ്ഞു.
 

Print this news