ശ്രേഷ്ഠഹരിത വിദ്യാലയത്തില്‍ ജില്ലാതല പരിസ്ഥിതി പദ്ധതിക്ക് തുടക്കം

Posted By : Seed SPOC, Alappuzha On 12th June 2014


 

 
 
ചെങ്ങന്നൂര്‍: 'മാതൃഭൂമി' സീഡിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയമായ പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്‌കൂളില്‍ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ ജില്ലാതല പങ്കാളിത്താധിഷ്ഠിത പരിസ്ഥിതി പ്രവര്‍ത്തന പദ്ധതിക്ക് ആവേശകരമായ തുടക്കം. ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായുള്ള പദ്ധതിയില്‍ 'ഒരു മനുഷ്യന് ഒരു മരം' എന്ന ലക്ഷ്യവുമായി ജില്ലയില്‍ ഒരു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നടുന്നുണ്ട്. സ്‌കൂള്‍ വളപ്പില്‍ വ്യാഴാഴ്ച രാവിലെ ഇതിന് തുടക്കം കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കലാധരന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വത്സല മോഹന്‍, ജില്ലാ പഞ്ചായത്തംഗം ആനന്ദവല്ലിയമ്മ തുടങ്ങിയവര്‍ 'ലക്ഷ്മീതരു'വിന്റെ തൈകള്‍ നട്ടു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കലാധരന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വേദിയില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി വിദ്യാര്‍ഥികള്‍ അഞ്ച് ദീപങ്ങള്‍ തെളിച്ചു.
ചടങ്ങില്‍ അധ്യക്ഷയായിരുന്ന വത്സല മോഹന്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്തംഗം ആനന്ദവല്ലിയമ്മ സമ്മാനദാനം നടത്തി.
വനംവകുപ്പിന്റെ 'വനമിത്ര' പുരസ്‌കാരം നേടിയ ചുനക്കര ഗവ. വി.എച്ച്.എസ്.എസ്സിനുള്ള 25,000 രൂപയും പ്രശസ്തിപത്രവും പി.ടി.എ. പ്രസിഡന്റ് ജി. വിശ്വനാഥന്‍ നായര്‍, പ്രിന്‍സിപ്പല്‍ അന്നമ്മ ജോര്‍ജ്, പരിസ്ഥിതി ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ ജെ. ജഫീഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ സിനു എസ്. കുമാര്‍ ആലപ്പുഴ, സാംസണ്‍ പി. സാമുവല്‍ ആലപ്പുഴ, സജി ചിത്രാലയം എന്നിവര്‍ക്കും സമ്മാനം നല്‍കി.
ഹെഡ്മിസ്ട്രസ് എം.സി. അംബികകുമാരി, പരിസ്ഥിതി ക്ലബ്ബിന്റെയും സീഡിന്റെയും കോഓര്‍ഡിനേറ്ററായ ആര്‍. രാജേഷ്, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. ശ്രീകുമാര്‍, സ്വാമി വിവേകാനന്ദ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് പി.എസ്. ഗോപിനാഥന്‍പിള്ള, സെക്രട്ടറി മോഹന്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി ജി. കൃഷ്ണകുമാര്‍, ഡി. സജീവ് കുമാര്‍, പി.ടി.എ. പ്രസിഡന്റ് എം.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പാണ്ടനാട് എസ്.വി.ഇ.എം. സ്‌കൂളിലും വൃക്ഷത്തൈകള്‍ നട്ടു.
 
 

Print this news