പ്രകൃതിക്ക് വന്ദനംചൊല്ലി സീഡ് ആറാംവര്‍ഷത്തില്‍

Posted By : mlpadmin On 6th June 2014


കോട്ടയ്ക്കല്‍: ലോക പരിസ്ഥിതി ദിനത്തില്‍ പ്രകൃതിക്ക് വന്ദനം ചൊല്ലി മാതൃഭൂമി സീഡ് ആറാം വര്‍ഷത്തിലേക്ക്.
സമൂഹ നന്മ കുട്ടികളിലൂടെ എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന സീഡിന്റെ കൈകോര്‍ത്ത് പ്രകൃതിക്ക് കാവലാകാം എന്ന പ്രതിജ്ഞ പുതുക്കിയ ദിനം. സീഡ് പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കോട്ടൂര്‍ എ.കെ.എം. ഹൈസ്‌കൂളില്‍ നടന്നു. ജെം ഓഫ് സീഡ് ആയി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിനി സനൂജ ഷെറിനും അസ്ലഹ തസ്‌നിയും ചേര്‍ന്ന് തൈ നട്ടാണ് ഇത്തവണത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.
പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങാന്‍ കുട്ടികള്‍ തയ്യാറായില്ലെങ്കില്‍ ജീവന്‍ തന്നെയാണ് അപകടത്തിലാകുന്നതെന്ന് സനൂജയും അസ്ലഹയും പറഞ്ഞു. അനിയന്ത്രിതമായ ചൂഷണം മൂലം പ്രകൃതി നാശത്തിന്റെ വക്കിലാണ്. സ്‌കൂളിലും വീട്ടിലും നാട്ടിലും ഇക്കാര്യങ്ങള്‍ തുടര്‍ച്ചയായി ഓര്‍മിപ്പിക്കാന്‍ കുട്ടികള്‍ തയ്യാറാകണം. കുടിവെള്ളത്തിന് വരെ വില കൊടുക്കേണ്ടേ സ്ഥിതിയിലേക്ക് മാറിയ നമ്മുടെ സമൂഹത്തില്‍ പച്ചപ്പിന് വേണ്ടി വലിയ കൂട്ടായ്മകള്‍ ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ മാതൃഭൂമി റീജണല്‍ മാനേജര്‍ വി.എസ്.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ സിറാജ് കാസിം, സീഡ് കോഓര്‍ഡിനേറ്റര്‍ സി.കെ.വിജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ പി.വി.ഗിരിജ, കോട്ടൂര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബഷീര്‍ കുരുണിയന്‍, മാനേജര്‍ ഇബ്രാഹിം ഹാജി, സ്റ്റാഫ് സെക്രട്ടറി സി.കെ.പ്രമോദ്കുമാര്‍, പി.ടി.എ.അംഗം പി.പി.യൂസഫ് എന്നിവര്‍ പങ്കെടുത്തു.


 

Print this news