മരത്തില്‍ ആണിയടിക്കുന്നതിനെതിരെ വാഴക്കാട് ഗ്രാമപ്പഞ്ചായത്ത്‌

Posted By : mlpadmin On 10th May 2014


കോട്ടക്കല്‍: വൃക്ഷ സംരക്ഷണത്തിന് മാതൃഭൂമി സീഡ് പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പിന്തുണ. മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപ്പഞ്ചായത്താണ് വൃക്ഷ സംരക്ഷണത്തിന് മാതൃകയാകുന്നത്. വൃക്ഷ സംരക്ഷണത്തിന് എല്ലാവരും ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പൊതുനോട്ടീസ് തയ്യാറാക്കി നാടുമുഴുവന്‍ വിതരണം ചെയ്യുകയാണ്. മരങ്ങളില്‍ ആണിയടിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടികളെടുക്കുമെന്നും പഞ്ചായത്ത് പറയുന്നു. ചാലിയപ്പുറം ഗവ. സ്‌കൂളിലെ സീഡ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന് പ്രചോദനമായത്.
ചാലിയപ്പുറം സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ തണല്‍ മരങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ നടത്തിയ സര്‍വേയാണ് എല്ലാത്തിന്റെയും തുടക്കമായത്. എടവണ്ണപ്പാറ പ്രദേശത്തെ തണല്‍മരങ്ങളുടെ കണക്കാണ് കുട്ടികള്‍ ശേഖരിച്ചത്. സര്‍വേ റിപ്പോര്‍ട്ട് വിദ്യാര്‍ഥികള്‍ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നല്‍കി. പ്രകൃതിയുടെ നാശത്തിന് വഴിവെക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയുളള കൃത്യമായ കണക്കുകളാണ് സര്‍വേയിലൂടെ പഞ്ചായത്തിന് കിട്ടിയത്. പഞ്ചായത്ത് ഭരണസമിതി ചേര്‍ന്നാണ് പ്രശ്‌നം ചര്‍ച്ച ചെയ്ത് പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാന്‍ തീരുമാനിച്ചത്.
സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ക്ക് അനുമോദന കത്ത് നല്‍കിയാണ് പഞ്ചായത്ത് ആദ്യം പിന്തുണ അറിയിച്ചത്. പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതിനിധി സ്‌കൂളിലെത്തി ബ്ലോക്ക്പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തിലായിരുന്നു കത്ത് നല്‍കിയത്. പ്രഥമാധ്യാപകനും പത്ത് കുട്ടികള്‍ക്കുമാണ് അഭിനന്ദന കത്ത് നല്‍കിയത്. ഇതിന് പിന്നാലെയാണ് പൊതു നോട്ടീസ് തയ്യാറാക്കി നാട് മുഴുവന്‍ വിതരണം ചെയ്തത്.
മാതൃഭൂമി സീഡിലൂടെ നാടിന്റെ പച്ചപ്പ് സംരക്ഷിക്കാന്‍ വളരെ വലിയ കാര്യമാണ് കുട്ടികള്‍ ചെയ്തതെന്നാണ് പഞ്ചായത്ത് പറയുന്നത്. ഫ്രയ്ത്തവലിയ ആളുകളുടെ കണ്ണ് തുറപ്പിക്കുന്ന രീതിയിലാണ് പ്രകൃതി സംരക്ഷണത്തില്‍ ഇവിടത്തെ കുട്ടികള്‍ ഇടപെട്ടത്. അതുകൊണ്ടാണ് പഞ്ചായത്ത് യോഗംകൂടി കുട്ടികളെ അഭിനന്ദിക്കാന്‍ തീരുമാനിച്ചത്. ഈ പഞ്ചായത്തിലെ മരങ്ങളില്‍ അടിച്ചിട്ടുള്ള ആണികള്‍ നീക്കാനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ ആരെങ്കിലും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും.യ്ത്തയ്ത്ത പഞ്ചായത്ത് സെക്രട്ടറി എന്‍. രവീന്ദ്രന്‍ പറഞ്ഞു.
പഞ്ചായത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചതോടെ പ്രകൃതി സംരക്ഷണത്തിനായി സീഡ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചാലിയപ്പുറം സ്‌കൂളിലെ കുട്ടികള്‍.
 

Print this news