രായിരനല്ലൂര്‍മല ഹരിതാഭമാക്കാന്‍ മുരളീധരന്‍മാഷും കുട്ടികളും

Posted By : pkdadmin On 22nd March 2014


കൊപ്പം: പന്തിരുകുല പെരുമയുടെ കാഴ്ച ഗോപുരമായ രായിരനല്ലൂര്‍മല ഹരിതാഭമാക്കാനുള്ള പരിശ്രമത്തിലാണ് ഒരു അധ്യാപകനും ഒരുപറ്റം വിദ്യാര്‍ഥികളും. രായിരനല്ലൂര്‍ എ.യു.പി. സ്‌കൂളിലെ ഇ.പി. മുരളീധരന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥിസംഘമാണ് പശ്ചിമഘട്ട മലനിരകളുടെ ഭാഗമായുള്ള രായിരനല്ലൂര്‍മലയെ പച്ചപ്പണിയിക്കാന്‍ പ്രയത്‌നിക്കുന്നത്. ഒരുവര്‍ഷംമുമ്പ് രായിരനല്ലൂര്‍മല ഭൂമാഫിയകള്‍ പ്രകൃതിചൂഷണത്തിന് ഇരയാക്കിയത് ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. മലയുടെ ഒരുഭാഗം ഇടിച്ചുനിരത്താന്‍ തുടങ്ങുകയും ചെയ്തു. പിന്നീടുയര്‍ന്നുവന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇത് നിര്‍ത്തിവെക്കുകയായിരുന്നു. ഈ സമരങ്ങളുടെ മുന്‍നിരയിലും ഈ അധ്യാപകനും വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇവര്‍ മലസംരക്ഷണത്തിനായി തിരിച്ചത്. മലമുകളിലേക്കുള്ള ചെരുവിന്റെ രണ്ടുവഴികളിലാണ് അരയാല്‍ ഉള്‍പ്പെടെയുള്ള നാല്‍പാമരങ്ങളും ജന്മനക്ഷത്രവൃക്ഷങ്ങളും ഇവര്‍ നട്ടുവളര്‍ത്തുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 150ഓളം വൃക്ഷത്തൈകള്‍ മലയില്‍ നട്ടിരുന്നു. ഇതില്‍ മുക്കാല്‍ഭാഗവും 10 അടിയോളം വളര്‍ന്നുകഴിഞ്ഞു. 100 പേരാല്‍ത്തൈകള്‍ മലയില്‍ നട്ടുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഇവര്‍. വൃക്ഷത്തൈകള്‍ മലയില്‍ നട്ടുപോരുക മാത്രമല്ല, ഇവയുടെ പൂര്‍ണ പരിചരണവും ഇവര്‍ നടത്തിവരുന്നു. വേനലില്‍മുഴുവനും ആഴ്ചതോറും തൈകള്‍ നനയ്ക്കും. ഇടക്കിടെ തൈകളുടെ വളര്‍ച്ച നിരീക്ഷിക്കാനും ഇവര്‍ എത്തും. തൈകള്‍ നനയ്ക്കാനെത്തുന്ന കുട്ടികള്‍ക്ക് സ്‌കൂളിലെ പി.ടി.എ.യുടെ വക സമ്മാനങ്ങളും നല്‍കിവരുന്നുണ്ട്. നിരവധി ഗുണങ്ങള്‍ മുന്നില്‍ക്കണ്ടാണ് മലയില്‍ ആല്‍മര പദ്ധതിക്ക് തുടക്കംകുറിച്ചതെന്ന് മുരളീധരന്‍മാസ്റ്റര്‍ പറയുന്നു. മണ്ണൊലിപ്പില്‍നിന്ന് മലയെ സംരക്ഷിക്കാന്‍ കഴിയുമെന്നതാണ് ഇതില്‍ പ്രധാനം. കൂടാതെ പെയ്യുന്ന മഴയെ സംഭരിച്ച് മലയെ കുടിവെള്ള സ്രോതസ്സാക്കി നിലനിര്‍ത്താനും ഈ പദ്ധതിയിലൂടെ സാധിക്കും. അരയാല്‍ പ്രത്യേക വിശ്വാസപ്രമാണങ്ങളുടെയും പൗരാണിക സങ്കല്പങ്ങളുടെയും വൃക്ഷമായതിനാല്‍ ആരും വെട്ടിനശിപ്പിക്കില്ലെന്ന് മുരളീധരന്‍ പറയുന്നു. കറുകപുത്തൂര്‍ സ്വദേശി മുഹമ്മദ്കുട്ടിഹാജിയാണ് ഇവര്‍ക്ക് അരയാല്‍ത്തൈകള്‍ നല്‍കിയത്. ഇവരുടെ പ്രവര്‍ത്തനം കണ്ട് അടയ്ക്കാപുത്തൂര്‍ 'സംസ്‌കൃതി' എന്ന സംഘടന 100 അരയാല്‍ത്തൈകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. രായിരനല്ലൂര്‍മലയെ ഹരിതാഭമാക്കുന്നതോടൊപ്പംതന്നെ നടുവട്ടംകുരാച്ചിപ്പടി റോഡരികിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള ദൗത്യവും ഇവര്‍ ഏറ്റെടുത്തുകഴിഞ്ഞു. ചന്ദ്രക്കാരന്‍ എന്ന നാടന്‍മാവിന്റെയും അന്യംനിന്നുപോകുന്ന ഇരൂള്‍, മുരിക്ക്, അമ്പഴം, കരിമ്പന, കുടപ്പന എന്നിവയുടെയും തൈകള്‍ െവച്ചുപിടിപ്പിക്കാനും ഈ അധ്യാപകന്‍ തയ്യാറെടുക്കുകയാണ്.

Print this news