കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിലെ കാര്‍ഷികമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലിന് നിവേദനം നല്‍കി.
കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസ്സിലെ ഹരിതജ്യോതി-മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബിലെ വിദ്യാര്‍ഥികളാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. താലൂക്കിലെ കാര്‍ഷിക-മത്സ്യക്കൃഷിമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സ്‌കൂളിലെ സീഡ് ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ പഠനം നടത്തിയിരുന്നു. പഠനത്തില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നിവേദനംനല്‍കിയത്. താലൂക്കില്‍ പലയിടത്തും വ്യാപകമായി ഭൂമി തരിശുകിടക്കുന്നതായി വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ ഇടവിളക്കൃഷി ചെയ്യാതെ ഇട്ടിരിക്കുന്ന ഒരേക്കറില്‍ കൂടുതലുള്ള ഭൂമി കര്‍ഷകര്‍ക്ക് പാട്ടത്തിന് കൊടുക്കണമെന്നും അല്ലാത്തപക്ഷം തരിശായി ഇട്ടിരിക്കുന്ന ഭൂമിക്ക് അധികനികുതി ഈടാക്കണമെന്നും വിദ്യാര്‍ഥികള്‍ നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു.
ആലുംകടവ്, ആലപ്പാട് പ്രദേശത്ത് കായലിലും ഇടത്തോടുകളിലുമുള്ള തൊണ്ടഴുക്കല്‍ മൂലമുണ്ടാകുന്ന ജലമലിനീകരണം കുറയ്ക്കാന്‍ നടപടി വേണം. ഈ പ്രശ്‌നം പരിഹരിക്കാന്‍ ആലപ്പുഴ കയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കയര്‍ നെറ്റ് ഉപയോഗിച്ച് പ്രത്യേക ടാങ്കുകളില്‍ ശാസ്ത്രീയമായി തൊണ്ടഴുക്കി കയര്‍ വേര്‍തിരിക്കാനുള്ള ഫാക്ടറി ആലപ്പാട്ട് സ്ഥാപിക്കണം. തൊണ്ടഴുക്കല്‍ മൂലമുണ്ടാകുന്ന ജലമലിനീകരണവും അതുമൂലം മത്സ്യസമ്പത്ത് കുറയുന്നതും ഇതിലൂടെ പരഹരിക്കാനാകുമെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പച്ചക്കറിക്കൃഷിപ്പണികള്‍കൂടി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കൃഷി വര്‍ദ്ധിപ്പിക്കുന്നതിനും കൂലിച്ചെലവ് കുറയ്ക്കുന്നതിനും സാധിക്കുമെന്ന് നിവേദനം നിര്‍ദ്ദേശിക്കുന്നു.
ടൈറ്റാനിയം ഫാക്ടറികളില്‍നിന്നുള്ള മാലിന്യങ്ങള്‍ വട്ടക്കായലില്‍ എത്തുന്നതും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമാകുന്നു. ഇത് തടയാന്‍ നടപടിവേണം. പള്ളിക്കലാര്‍, ടി.എസ്. കനാല്‍ എന്നിവിടങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കണം. എസ്.എം.സി. ചെയര്‍മാന്‍ തേവറ നൗഷാദ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സോപാനം ശ്രീകുമാര്‍, വിദ്യാര്‍ഥികളായ പൂജാ പ്രകാശ്, ആതിരാ ബാബു, ജിത്തു, ഹിലാല്‍ മുഹമ്മദ്, തന്‍സിയ, ഹരികൃഷ്ണന്‍, ആദര്‍ശ്, സുദീപ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.