സ്‌കൂളുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സീഡ് വിദ്യാര്‍ഥികളുടെ പ്രോജക്ട്

Posted By : klmadmin On 21st March 2014


 കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ സ്‌കൂളുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരുടെ സമഗ്രമായ പ്രോജക്ട് തയ്യാര്‍ വിഷന്‍-2030. നഗരാസൂത്രണ പദ്ധതിയില്‍ സ്‌കൂളുകളുടെ വികസനം സംബന്ധിച്ച പ്രോജക്ടാണ് സീഡ് പ്രവര്‍ത്തകര്‍ തയ്യാറാക്കിയത്.
നഗരസഭാപരിധിയിലുള്ള 17 സ്‌കൂളുകളും 2030 ഓടെ എങ്ങനെ ആയിരിക്കണമെന്ന് പ്രോജക്ടില്‍ നിര്‍ദ്ദേശിക്കുന്നു.
ഇതിനായി ആയിരത്തിലധികം വിവരശേഖരണ ഫോറങ്ങള്‍ തയ്യാറാക്കി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. അവരില്‍നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ കോര്‍ത്തിണക്കിയാണ് പദ്ധതി തയ്യാറാക്കിയത്. എല്ലാ സ്‌കൂളുകളും വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാക്കി വികസിപ്പിക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശം. സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകണം. ഓരോ സ്‌കൂളിലെയും വിദ്യാര്‍ഥികളെ ആറുപേര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളായി തിരിച്ച് അവര്‍ക്ക് ലാപ് ടോപ് നല്‍കുക, ഓരോ സ്‌കൂളുകളിലും മീഡിയ ലാബുകള്‍ സ്ഥാപിക്കുക, വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിദഗ്ധരുടെ ക്ലാസുകള്‍ സംഘടിപ്പിക്കുക, നഗരസഭയുടെ തീരദേശമേഖലയില്‍ എഡ്യുക്കേഷന്‍ പാര്‍ക്ക് സ്ഥാപിക്കുക, തീരദേശമേഖലയിലെ ഫിഷറീസ് സ്‌കൂളില്‍ സമുദ്രത്തെയും മത്സ്യങ്ങളെയും കുറിച്ച് പഠിക്കുന്നതിനുള്ള ഗവേഷണശാലകള്‍ തുടങ്ങുക, സഞ്ചരിക്കുന്ന ലൈബ്രറി, വിവിധോദ്ദേശ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ എന്നിവ നിര്‍മിക്കുക തുടങ്ങി ഇരുപത്തഞ്ചിലധികം നിര്‍ദ്ദേശങ്ങളാണ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്താംക്ലാസ്സ് സാമൂഹികശാസ്ത്രത്തിലെ വികസനവും സമൂഹവും എന്ന പഠനഭാഗത്തിന്റെകൂടി അടിസ്ഥാനത്തിലാണ് പ്രോജക്ട് തയ്യാറാക്കിയത്.
കഴിഞ്ഞദിവസം സീഡ് പരിസ്ഥിതി ക്ലബ് സെക്രട്ടറി പൂജ പ്രകാശിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിസംഘം നഗരസഭാ ചെയര്‍മാന്‍ എം.അന്‍സാറിന് പ്രോജക്ട് സമര്‍പ്പിച്ചു. പി.ടി.എ. പ്രസിഡന്റ് പി.വി.ബാബു, എസ്.എം.സി. ചെയര്‍മാന്‍ തേവറ നൗഷാദ്, മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ സോപാനം ശ്രീകുമാര്‍, വിദ്യാര്‍ഥികളായ ആതിര ബാബു, ഹരികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു. 

Print this news