പാനൂര്‍: മാതൃഭൂമി 'സീഡ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാനൂര്‍ മുതല്‍ പൂക്കോട്‌വരെ സംസ്ഥാനപാതയോരത്ത് മൊകേരി രാജീവ് ഗാന്ധി മെമോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് വിദ്യാര്‍ഥികള്‍ 82 വൃക്ഷത്തൈകള്‍ നട്ടു.
റോഡരികില്‍ വീതി കൂടിയ സ്ഥലത്ത് നൂറു മീറ്റര്‍ ഇടവിട്ട് മഹാഗണി, ഓങ്കു, മരുത്, കുമുദ്, മന്ദാരം തുടങ്ങിയ വൃക്ഷത്തൈകളാണ് നട്ടത്. സ്‌കൂള്‍ മുറ്റത്ത് വൃക്ഷത്തൈ നട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു സ്‌കൗട്ട് ഒരു മരം എന്ന പ്രതിജ്ഞ ഏറ്റെടുത്താണ് ദൗത്യനിര്‍വഹണം. ചടങ്ങില്‍ സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് പി.അരവിന്ദന്‍, മാനേജര്‍ ആര്‍.കെ.നാണു, സി.പി.സുധീന്ദ്രന്‍, എ.കെ.പ്രേമദാസന്‍, സി.വി.അബ്ദുള്‍ ജലീല്‍, വി.വി.അജേഷ്, കെ.രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌കൗട്ട് ട്രൂപ്പ് ലീഡര്‍മാരായ അര്‍ജുന്‍ വിഗേ്‌നഷ്, കെ.അര്‍ജുന്‍, സായന്ദ് പ്രദീപ്, റാഹുല്‍ റാം എന്നിവര്‍ നേതൃത്വം നല്‍കി. പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതിയാണ് അടുത്ത പരിപാടി.