സൗരോര്‍ജ വാട്ടര്‍ഹീറ്ററിന് ഒരു 'കുട്ടി' മാതൃക

Posted By : idkadmin On 15th March 2014


തൊടുപുഴ: സൗരോര്‍ജ വാട്ടര്‍ഹീറ്റര്‍ നിര്‍മ്മിച്ച് പുതിയ പാഠം രചിക്കുകയാണ് തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് യു.പി. സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍. 450 രൂപ െചലവില്‍ 20 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ഹീറ്ററാണ് നിര്‍മ്മിച്ചത്.
അലുമിനിയം ഷീറ്റ്, പഌസ്റ്റിക് കുപ്പികള്‍, പി.വി.സി. പൈപ്പ്, എല്‍ബോസ്, വാല്‍വുകള്‍, ടാങ്ക് എന്നിവയാണ് ഹീറ്റര്‍ നിര്‍മ്മിക്കാനാവശ്യമായ വസ്തുക്കള്‍. പി.വി.സി. പൈപ്പില്‍ കറുത്ത പെയിന്റ് അടിച്ചിരിക്കുന്നു. ഇതിനാല്‍ പൈപ്പിലെ വെള്ളം പൈട്ടന്ന് ചൂടാകും. പി.വി.സി. പൈപ്പ്് കുപ്പികളിലൂടെ കടത്തിവിട്ട് പുറംചട്ട നിര്‍മ്മിച്ചിട്ടുണ്ട്. ഈ സംവിധാനം അലുമിനിയം ഷീറ്റില്‍ ഉറപ്പിച്ചിരിക്കുന്നു. ചൂടായ ജലത്തിന്റെ സാന്ദ്രത തണുത്ത ജലത്തേക്കാള്‍ കുറവായതിനാല്‍ ചൂടുവെള്ളം പൈപ്പിന്റെ മുകള്‍ഭാഗത്ത് എത്തി പുറത്തേക്കുള്ള പൈപ്പിലൂടെ ശേഖരിക്കാം.
സി.എസ്.പി. ടെക്നോളജി ഉപയോഗിച്ചാണ് സൗരോര്‍ജ വാട്ടര്‍ഹീറ്റര്‍ നിര്‍മ്മിക്കുന്നത്. അലുമിനിയം ഷീറ്റ് സൗരോര്‍ജത്തെ ആഗീരണം ചെയ്ത് പൈപ്പിലുള്ള ജലത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്നു. സൂര്യപ്രകാശം നല്ല രീതിയില്‍ ഉണ്ടെങ്കില്‍ ജലം അരമണിക്കൂര്‍കൊണ്ട് ചൂടാകും.
ഇത് ഉപയോഗിക്കുന്നത് വഴി ധനലാഭം, ഇന്ധനലാഭം, സമയലാഭം എന്നിവ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. പഌസ്റ്റിക് കുപ്പികള്‍മൂലമുള്ള മലിനീകരണം ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

Print this news