സീഡ് വിദ്യാര്‍ത്ഥികളുടെ സര്‍വെ: വൃക്ഷങ്ങളില്‍ പരസ്യം തടയുമെന്ന് പഞ്ചായത്തുകള്‍

Posted By : Seed SPOC, Alappuzha On 13th February 2014


 

ആലപ്പുഴ: മരങ്ങളെ സ്വതന്ത്രരാക്കുക എന്ന മാതൃഭൂമി സീഡ് കാമ്പയിന്‍ പദ്ധതി ഭാഗമായി ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ സര്‍വെ നടത്തി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരങ്ങളില്‍ ഒരുവിധ പരസ്യബോര്‍ഡുകളും വയ്ക്കാവുന്നതല്ല. ആണിയടിച്ച് പരസ്യം വയ്ക്കുന്നത്, മരങ്ങളെ നശിപ്പിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ കേസിലാണ് കോടതി വിധിയുണ്ടായത്.
കുട്ടനാട്, മാവേലിക്കര, ആലപ്പുഴ, ചേര്‍ത്തല വിദ്യാഭ്യാസ ജില്ലകളില്‍ സീഡ് ക്ലബ്ബുകളില്‍നിന്നായി 165 വിദ്യാര്‍ത്ഥികള്‍ സര്‍വെയില്‍ പങ്കെടുത്തു. ഇതിനൊപ്പം അധ്യാപകരും പി.ടി.എ. ഭാരവാഹികളും പങ്കെടുത്തു. നൂറുകണക്കിന് മരങ്ങളില്‍ ആണി തറച്ചും കമ്പികെട്ടിയും പരസ്യം വച്ചിരിക്കുന്നതായി കണ്ടെത്തി. സര്‍വെയില്‍ ലഭിച്ച വിവരം വിദ്യാര്‍ത്ഥികള്‍ അതത് തദ്ദേശഭരണ മേധാവികള്‍ക്ക് കൈമാറി. അടിയന്തരനടപടി സ്വീകരിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കുകയും ചെയ്തു.
ചാരുംമൂട് മേഖലയില്‍ ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും താമരക്കുളം വി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ചുനക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും 'മാതൃഭൂമി' സീഡ് ക്ലബ് വിദ്യാര്‍ത്ഥികളാണ് സര്‍വെ നടത്തിയത്.
ചത്തിയറ വി.എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ താമരക്കുളം ചന്ത ജങ്ഷന്‍ മുതല്‍ നെടിയാണിക്കല്‍ ക്ഷേത്ര ജങ്ഷന്‍വരെയുള്ള മരങ്ങള്‍ പരിശോധിച്ചു. പത്ത് മരങ്ങളിലായി 22 പരസ്യ ബോര്‍ഡുകള്‍ ആണിയടിച്ചും കമ്പിയടിച്ചും പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കെട്ടിയും ഉറപ്പിച്ചിട്ടുള്ളതായി കണ്ടെത്തി. പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള മരത്തിലാണ് ഏറ്റവും കൂടുതല്‍ ബോര്‍ഡുകള്‍ ആണിയടിച്ച് ഉറപ്പിച്ചതായി കണ്ടത്.
സ്‌കൂള്‍ മാനേജര്‍ കെ.എ. രുക്മിണിയമ്മ സര്‍വെ ഫ്‌ളാഗ് ഓഫ് ചെയ്തു. സീഡ് കോഓര്‍ഡിനേറ്റര്‍ ബീഗം കെ.രഹ്ന, അധ്യാപകരായ കെ.എന്‍. അശോക്കുമാര്‍, എസ്. മിനി, സീഡ് ക്ലബ് വിദ്യാര്‍ത്ഥികളായ രോഹിത്, ഹരിമുരളി, അഖില്‍, അഫ്‌സല്‍, മിഥുന്‍, ജ്യോതിഷ്, ശ്രീരാജ്, അഹ്‌സിന്‍, അമല്‍, മുഹ്‌സിന്‍, പ്രമീസ, നാസില, വിശ്വാസ്, ശരത് എന്നിവര്‍ പങ്കെടുത്തു. താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍ ഉണ്ണിത്താന് റിപ്പോര്‍ട്ട് നല്‍കി. മരത്തിലെ പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.
 

 

 

Print this news