അമ്പലപ്പുഴ: തോട്ടപ്പള്ളി കടലോരത്ത് ചത്തടിഞ്ഞ സംരക്ഷിത ഇനത്തിലുള്ള കടലാമയെ സമൂഹ വനവത്കരണ വിഭാഗത്തിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ വെറ്റിനറി സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വന്യജീവി നിയമപ്രകാരം പട്ടിക ഒന്നില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒലിവ് റിഡ്‌ലി ഇനത്തിലുള്ള കടലാമയാണ് ചത്തടിഞ്ഞത്.
പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീന്‍ റൂട്ട്‌സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ തോട്ടപ്പള്ളി തീരത്ത് കടലാമയുടെ വരവ് നിരീക്ഷിച്ചുവരികയാണ്.
പ്രജനനകാലമായ ആഗസ്ത് മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കടലാമ കൂട്ടമായി തോട്ടപ്പള്ളി തീരത്ത് മുട്ടയിടാനെത്തുന്നുണ്ട്. ഇവയ്ക്ക് സംരക്ഷണം നല്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ഫോറം ഏറ്റെടുത്തിരിക്കുന്നത്. കടലില്‍ ബോട്ടുകളില്‍ നിന്നും ഉപേക്ഷിക്കുന്ന വലയുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങി കടലാമകള്‍ അപകടത്തില്‍പ്പെടുന്നതായും ഫോറം കണ്ടെത്തി. ഇത്തരം സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് ഫോറം പ്രവര്‍ത്തകര്‍ മത്സ്യത്തൊഴിലാളികളെ ബോധവത്കരിച്ചുവരികയാണ്.
കടലാമ ചത്തടിഞ്ഞ വിവരം ഫോറം പ്രവര്‍ത്തകനായ ചിത്രാലയം സജിയാണ് ആലപ്പുഴ സാമൂഹ്യ വനവത്കരണ വിഭാഗത്തെ അറിയിച്ചത്. റേഞ്ച് ഓഫീസര്‍ വി.കെ.രാജേഷ്, ഫോറസ്റ്റ് അബ്ദുള്‍ നാസര്‍, റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഫോറസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി. വെറ്ററിനറി സര്‍ജ്ജന്‍മാരായ സനൂജ, ജ്യോതിമോന്‍ എന്നിവരാണ് പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്കിയത്. കായംകുളത്തുനിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകനായ ബാദിഷും സ്ഥലത്തെത്തിയിരുന്നു.
തോട്ടപ്പള്ളി തീരത്തെ കടലാമ സംരക്ഷണത്തിനായി അടുത്തിടെ മാതൃഭൂമി വിദ്യ വി.കെ.സി. ജൂനിയര്‍ നന്മ, വിവിധ പരിസ്ഥിതി സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ നാലുചിറ സര്‍ക്കാര്‍ യു.പി.സ്കൂളില്‍ ആലപ്പുഴ സാമൂഹ്യവനവത്ക്കരണ വിഭാഗം അധികൃതര്‍ സെമിനാര്‍ നടത്തിയിരുന്നു.
യുവാക്കളെ പങ്കെടുപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനാണ് ഗ്രീന്റൂട്ട്‌സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറം ലക്ഷ്യമിടു
ന്നത്.