തൊടുപുഴ: കനത്ത വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ബോധവത്കരണവുമായി വീടുകള്‍ കയറിയിറങ്ങുന്നു. പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരാണ് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എം.വി.ഐ.പി. കനാല്‍ സംരക്ഷണ ബോധവത്കരണ പരിപാടിക്ക് രൂപം കൊടുത്തിരിക്കുന്നത്.
12ന് രാവിലെ 8മുതല്‍ 9വരെ ഓരോ വിദ്യാര്‍ഥിയും എട്ടു വീടുകള്‍ വീതം കയറിയിറങ്ങി കനാല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരണം നടത്തും. സ്‌കൂളിലെ 40 വിദ്യാര്‍ഥികള്‍ ആകെ 320 വീടുകളാണ് സന്ദര്‍ശിക്കുന്നത്.
13ന് രാവിലെ 9.30ന് സ്‌കൂളില്‍നിന്ന് കനാല്‍ ജങ്ഷനിലേക്ക് ബോധവത്കരണ റാലി സംഘടിപ്പിക്കും. മുതലക്കുടം മുതല്‍ കുമാരമംഗലം വരെയുള്ള 5 ഇടങ്ങളില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. ബോര്‍ഡില്‍ കനാല്‍ മലിനമാക്കുന്നവരെക്കുറിച്ച് പോലീസിനെ അറിയിക്കാന്‍ 04862-222494 എന്ന നമ്പര്‍ ചേര്‍ത്തിട്ടുണ്ട്. തൊടുപുഴ പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ പി.എസ്.സുബ്രഹ്മണ്യന്‍ പരിപാടിയില്‍ പ്രഭാഷണം നടത്തും.
കുട്ടികള്‍ തയ്യാറാക്കിയ ലഘുലേഖകള്‍ വിതരണം ചെയ്യും. സാമൂഹികദ്രോഹികളുടെ ദുഷ്പ്രവൃത്തികള്‍ കാരണം മലിനപ്പെടുന്ന കനാലുകള്‍ സംരക്ഷിക്കേണ്ടത് ഗ്രാമങ്ങളുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ഹെഡ്മാസ്റ്റര്‍ കെ.ജി.ആന്റണി പറഞ്ഞു.