മരങ്ങളിലെ ആണിയടിക്കല്‍: കര്‍ശന നടപടിയെന്ന് വിദ്യാര്‍ഥികളോട് ചെയര്‍മാന്‍

Posted By : idkadmin On 12th February 2014


തൊടുപുഴ: മരങ്ങളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിദ്യാര്‍ഥികളോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ഉറപ്പുനല്‍കി. മരങ്ങളില്‍ ആണി അടിക്കുന്നതും കമ്പി, കയര്‍ തുടങ്ങിയവ ഉപയോഗിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് യു.പി. സ്‌കൂള്‍ സീഡ് പ്രവര്‍ത്തകരാണ് മുനിസിപ്പല്‍ ചെയര്‍മാന് നിവേദനം നല്‍കിയത്.

നഗരസഭാപരിധിയിലെ വിവിധ സ്ഥലങ്ങളില്‍ സര്‍വ്വേ നടത്തിയ വിദ്യാര്‍ഥികള്‍ പരസ്യങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന മരങ്ങളുടെ എണ്ണവും കമ്പനികളുടെ പേരും വിലാസവും ഉള്‍പ്പെടെയാണ് നിവേദനം നല്‍കിയത്. പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ വിദ്യാര്‍ഥികള്‍ സമ്പാദിച്ച കോടതി ഉത്തരവിന്റെ പകര്‍പ്പും ഇതോടൊപ്പം സമര്‍പ്പിച്ചു. പരസ്യങ്ങള്‍ സ്ഥാപിച്ച കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് ചെയര്‍മാന്‍ ഉറപ്പുനല്‍കി. ബോധവത്കരണത്തിന്റെ ഭാഗമായി പത്രസമ്മേളനം വിളിച്ചുകൂട്ടുമെന്നും വ്യാപാരി വ്യവസായികളെ അറിയിക്കുമെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു.

ഇത്തരം പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ സീഡ് പ്രവര്‍ത്തകരെ ചെയര്‍മാന്‍ അഭിനന്ദിച്ചു. മങ്ങാട്ടുകവല- 67, കോലാനി-43, മാരിക്കലുങ്ക്-34, വെങ്ങല്ലൂര്‍- 57 എന്നിവിടങ്ങളില്‍ സ്ഥാപിച്ച 201 പരസ്യങ്ങളുടെ എണ്ണവും വിലാസവുമാണ് സീഡ് പ്രവര്‍ത്തകര്‍ നല്‍കിയത്.

സീഡ് റിപ്പോര്‍ട്ടര്‍ കാവേരി അനില്‍, സ്‌കൂള്‍ ലീഡര്‍ സഹല്‍ ജലീല്‍, സീഡ് പോലീസ് അര്‍ജുന്‍ മധു എന്നിവരാണ് അധ്യാപകനായ ജോബിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചത്.

Print this news