ആലപ്പുഴ: ചത്തിയറ വി.എച്ച്.എസ്.എസ്. സഞ്ജീവനി സീഡ് പോലീസ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. താമരക്കുളം പഞ്ചായത്തിലെ കുടിനീര്‍ക്ഷാമത്തിന് പരിഹാരമൊരുങ്ങുന്നു. "കുടിനീരിന് കൈനീട്ടുന്ന താമരക്കുളം' എന്ന പേരില്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പദ്ധതി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചുചേര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് ചൊവ്വാഴ്ച യോഗം നടന്നത്. ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ., ജലവിതരണ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീര്‍, ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ചെങ്ങന്നൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍, താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പട്ടികജാതി ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന യോഗമാണ് കളക്ടര്‍ എന്‍. പദ്മകുാര്‍ വിളിച്ചുചേര്‍ത്തത്. സ്കൂളിനെ പ്രതിനിധാനംചെയ്ത് പ്രിന്‍സിപ്പല്‍ ഗോപാലകൃഷ്ണന്‍, മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ ബീഗം രഹ്‌ന സീഡ് പോലീസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
താമരക്കുളം പഞ്ചായത്തിലെ ചെങ്കല്‍ ഖനനത്തിന് പുതിയ ഖനനാനുമതി നല്‍കരുതെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. പഞ്ചായത്തിലെ 44 പൊതുകിണറുകള്‍ സ്വകാര്യവ്യക്തികള്‍ കൈയേറിയത് തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. പൊതുടാപ്പുകളുടെ അറ്റകുറ്റപ്പണി എത്രയുംപെട്ടെന്ന് പൂര്‍ത്തിയാക്കണം. വങ്കാങ്കരച്ചിറയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് തഹസീല്‍ദാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദേശം
നല്‍കി. പഞ്ചായത്തിലെ എസ്.സി.- എസ്.ടി. കോളനികളായ കണ്ണാകുഴി, പത്തിമൂല പേരൂര്‍ കാരായ്മ ആലുവിള കോളനി, കോതകുളം, കോയിക്കലേത്ത്, കണ്ണമ്പള്ളി, തുണ്ടുവിള, ചിറ്റുവിള, പുന്നക്കുറ്റി, മാവുള്ളതില്‍, വേടരപ്ലാവ്, ചുടുകുറ്റി എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതിക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടു. പട്ടികജാതി കോളനികളിലെ എല്ലാ വീടുകളിലേക്കും കുടിവെള്ള പൈപ്പ് കണക്ഷന്‍ നല്‍കാന്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.