അരിമ്പൂര്‍:സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയി പി.എസ്. ശ്രീദേവിയുടെ സമ്മാനത്തുകയടക്കം നാല്‍പ്പതിനായിരത്തോളം രൂപ സഹപാഠിയുടെ ചികിത്സയ്ക്കായി നല്‍കി അരിമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നന്മയുടെ മാതൃകയായി.
ജന്മനാ ബ്രിറ്റില്‍ ബോണ്‍ ഡിസീസ് എന്ന എല്ലുരോഗത്തിന് കീഴ്‌പ്പെട്ട ദില്‍ഷ ദിലീപിനാണ് 'മാതൃഭൂമി വിദ്യ-വി.കെ.സി. ജൂനിയര്‍ നന്മ' വഴി കാരുണ്യമേകിയത്. എല്ല് പൊട്ടുന്ന ഈ രോഗം കാരണം ദില്‍ഷയ്ക്ക് ദേഹമാസകലം 33 തവണപ്ലാസ്റ്ററിടേണ്ടിവന്നിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ പാഠകത്തില്‍ ഒന്നാം സമ്മാനമായി ലഭിച്ച തുക ശ്രീദേവി വേദിയില്‍ വെച്ച് ദില്‍ഷയ്ക്ക് കൈമാറി. കൂട്ടുകാരുടെ സഹായത്തിന് ദില്‍ഷ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു.
തൃശ്ശൂര്‍ ജില്ലയില്‍ മാതൃഭൂമിയുടെ പ്രഥമ നന്മ പരിപാടിയാണ് അരിമ്പൂരില്‍ നടന്നത്. നല്ല ചിന്തകളും പ്രവൃത്തിയും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുവാന്‍ പദ്ധതി സഹായിക്കുമെന്ന് അരിമ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എ. ആന്റണി പറഞ്ഞു. മാനേജര്‍ ഫാ.ജോസഫ് പുവ്വത്തൂക്കാരന്‍ അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് സുനില്‍, ശ്രീദേവിക്ക് സ്‌കൂളിന്റെ പുരസ്‌കാരം നല്‍കി.പ്രധാനാധ്യാപിക ഉഷാദേവി, സിസ്റ്റര്‍ അഞ്ജലി, നീതി, ബിനു, ഫ്രാന്‍സിസ് തെക്കിനിയേടത്ത് എന്നിവര്‍ പ്രസംഗിച്ചു