കയാക്കിങ് യാത്രയ്ക്ക് ആലപ്പുഴയിലും മുഹമ്മയിലും ആവേശകരമായ സ്വീകരണം

Posted By : Seed SPOC, Alappuzha On 28th January 2014


 
മാതൃഭൂമി സീഡിന്റെയും പെലിക്കണ്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കൊല്ലംകോട്ടപ്പുറം ജലപാതയില്‍ ഇന്‍ഡക്‌സ് ഗൈഡ് ടീം നടത്തുന്ന കയാക്കിങ് ആലപ്പുഴയില്‍ എത്തിയപ്പോള്‍, സംഘാംഗം എസ്.ഡി.വി. ബോയ്‌സ് സ്‌കൂളിലെ കുട്ടികളുമായി സംവദിക്കുന്നു
 
ആലപ്പുഴ: ജലാശയങ്ങളെ മലിനീകരണത്തില്‍നിന്ന് രക്ഷിക്കണമെന്ന സന്ദേശവുമായി ഇന്‍ഡക്‌സ് ഗൈഡ് ടീം നടത്തുന്ന കയാക്കിങ് യാത്ര 2014 ന് ആലപ്പുഴയിലും മുഹമ്മ സ്രായിത്തോടിലും ആവേശകരമായ വരവേല്‍പ്പ്. യാത്രയുടെ അഞ്ചാംദിവസം ആലപ്പുഴ എസ്.ഡി.വി. ബോയ്‌സ് ഹൈസ്‌കൂളില്‍ കുട്ടികളുമായി സംവദിച്ച സംഘം പുന്നമടക്കായലില്‍ സായി ജലകായിക കേന്ദ്രത്തിലെ താരങ്ങള്‍ക്കൊപ്പം തുഴച്ചില്‍ നടത്തി. രാത്രിയില്‍ സ്രായിത്തോടില്‍ നടന്ന നാട്ടുകൂട്ടം പരിപാടിയില്‍ വേമ്പനാട് കായല്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നാട്ടുകാരുമായി പങ്കുവച്ചു. 
'മാതൃഭൂമി സീഡി'ന്റെയും പെലിക്കണ്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കൊല്ലം  കോട്ടപ്പുറം ദേശീയപാത മൂന്നില്‍ കൂടിയാണ് സംഘത്തിന്റെ യാത്ര. ബാംഗ്ലൂരില്‍നിന്നുള്ള പ്രൊഫഷണലുകളായ വിപിന്‍ രവീന്ദ്രനാഥ്, അനീസ് മഠത്തില്‍, മുരുകന്‍ കൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ദേശീയ ജലപാത സഞ്ചാരയോഗ്യമാണെന്ന് തെളിയിക്കുന്നതിനൊപ്പം നാളത്തെ തലമുറയ്ക്കായി ഇത് മാലിന്യമുക്തമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രചാരണം നടത്തുന്നുണ്ട്. 
സി. എഫ്.എല്‍. ലൈറ്റുകള്‍, കണ്ണാടി, ട്യൂബ് ലൈറ്റ് എന്നിവ ഉപയോഗം കഴിഞ്ഞാല്‍ ജലാശയത്തിലേക്ക് വലിച്ചെറിയരുതെന്ന് എസ്.ഡി.വി. സ്‌കൂളില്‍ കുട്ടികളുമായി നടന്ന സംവാദത്തില്‍ സംഘാംഗങ്ങള്‍ പറഞ്ഞു. 
സി.എഫ്.എല്‍. വിളക്കുകളിലൂടെയും മറ്റും ഉണ്ടാകുന്ന മെര്‍ക്കുറി, ലെഡ്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങള്‍ മനുഷ്യന്റെ ഉള്ളില്‍ച്ചെന്നാല്‍ ആരോഗ്യത്തെ നശിപ്പിക്കും. ഇങ്ങനെയൊരു അവസ്ഥ മുന്‍കൂട്ടിക്കണ്ടാണ് കയാക്കിങ് യാത്രയ്ക്ക് തുടക്കമിട്ടത്. 
പുലര്‍ച്ചെ കരുമാടിയില്‍നിന്നാണ് യാത്ര ആരംഭിച്ചത്. ആലപ്പുഴയില്‍ രാവിലെ എത്തിയ സംഘം ഉച്ചകഴിഞ്ഞ് എസ്.ഡി.വി. ബോയ്‌സ് ഹൈസ്‌കൂളിലെ കുട്ടികളുമായി സംവാദം നടത്തി. ഈ സംവാദത്തില്‍ ജലകായികയിനമായ യാട്ടിങ്ങിനെക്കുറിച്ച് സാഹസിക തുഴച്ചില്‍ക്കാരനായ ജോളി തോമസ് വിവരിച്ചു. യമനില്‍നിന്ന് കൊച്ചി വരെയും കൊച്ചിയില്‍നിന്ന് ലക്ഷദ്വീപ് വരെയും യാട്ടിങ് നടത്തിയ അനുഭവങ്ങള്‍ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഈശ്വരി, മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി.സുരേഷ്‌കുമാര്‍, പരസ്യം മാനേജര്‍ ഡി.ഹരി, സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ സ്‌നേഹപ്രിയ, മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
 വൈകിട്ട് സംഘം സായി ജലകായിക കേന്ദ്രത്തിലെ കയാക്കിങ് താരങ്ങള്‍ക്കൊപ്പം പുന്നമടക്കായലില്‍ തുഴഞ്ഞു. ഒന്നര കിലോമീറ്ററോളം സംഘത്തെ സായിതാരങ്ങള്‍ അനുഗമിച്ചു. 
മുഹമ്മ സ്രായിത്തോടിന് സമീപമാണ് അഞ്ചാം ദിവസത്തെ യാത്ര അവസാനിച്ചത്. ഏഴുമണിയോടെ എത്തിയ സംഘത്തെ മത്സ്യത്തൊഴിലാളികളും ഏട്രി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. സ്രായിത്തോട് പുതിയവിലാസം എന്‍.കെ.ചന്ദ്രന്റെ വീട്ടിലായിരുന്നു നാട്ടുകൂട്ടം. പരിസ്ഥിതി പ്രവര്‍ത്തകനായ കെ.വി.ദയാല്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ സി.സുരേഷ്‌കുമാര്‍, പരസ്യം മാനേജര്‍ ഡി.ഹരി മൂഹമ്മ പഞ്ചായത്ത് അംഗം ചന്ദ്ര, ഏട്രി ഭാരവാഹികളായ കെ.വി.പൂവ്, അജിത്ത്, അശോകന്‍, രത്‌നാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പെലിക്കണ്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി സി.എന്‍. മനോജ്, സംഘാംഗങ്ങളായ വിപിന്‍ രവീന്ദ്രനാഥ്, മുരുകന്‍ കൃഷ്ണന്‍, അനീസ് മഠത്തില്‍, സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
 

Print this news