കൊട്ടാരക്കര:ചെപ്ര എസ്.എ.ബി. യു.പി.എസ്സിലെ സീഡ് ക്ലബിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. സ്‌കൂളിന്റെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങാതെ ക്ലാസ്സുമുറികള്‍ക്ക് പുറത്തേക്കിറങ്ങി കുട്ടികള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുതിര്‍ന്നവര്‍ക്കും മാതൃകയാകുകയാണ്. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി കണ്ടല്‍ച്ചെടികളെക്കുറിച്ചുള്ള പഠനം സ്‌കൂളില്‍ നടന്നുവരുന്നു. പരവൂര്‍ കുളിക്കടവിലെ കണ്ടല്‍ച്ചെടികള്‍ കുട്ടികള്‍ സന്ദര്‍ശിച്ചു. കണ്ടല്‍ച്ചെടികളെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിനോടൊപ്പം ഇത്തിക്കരയാറ്റിന്റെ വശങ്ങളില്‍ കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തു. മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ലവ് പ്ലാസ്റ്റിക് പദ്ധതി സ്‌കൂളില്‍ ആരംഭിച്ചിട്ടുണ്ട്. പരമാവധി പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് തരംതിരിച്ചുവരുന്നു.
വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ നേച്ചര്‍ ക്യാമ്പ് നടന്നു. ക്യാമ്പില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി.ശ്രീകണ്ഠന്‍, സുരേന്ദ്രന്‍ പിള്ള എന്നിവര്‍ ക്ലാസ്സെടുത്തു. സൈലന്റ്‌വാലിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം വാര്‍ഡ് അംഗം ജി.ഓമന ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കുട്ടികള്‍ മുന്‍കൈയെടുത്ത് നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളിലെ അധ്യാപകരുടെയും പി.ടി.എ.യുടെയും നാട്ടുകാരുടെയും എല്ലാവിധ പിന്തുണയും ഉണ്ട്. മാതൃഭൂമി സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഷഫീക്ക്, വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ്, മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ എസ്.സുനീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.