സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരുകൈ സഹായം രണ്ട് കുട്ടികളുടെ ചികിത്സയ്ക്ക് തുണയായി

Posted By : klmadmin On 8th January 2014


 കലയ്‌ക്കോട്: കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച 'ഒരുകൈ സഹായം' പദ്ധതിപ്രകാരമുള്ള തുക കാന്‍സര്‍ ബാധിതരായ രണ്ട് കുട്ടികളുടെ ചികിത്സയ്ക്ക് തുണയായി. കുട്ടികളില്‍നിന്നും അധ്യാപകരില്‍നിന്നും രക്ഷിതാക്കളില്‍നിന്നുമാണ് തുക സ്വരൂപിച്ചത്.
ശനിയാഴ്ച ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കുട്ടികളുടെ കാരുണ്യനിധിയുടെ വിതരണം.
സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പി.രാജഗോപാലപിള്ള, പ്രിന്‍സിപ്പല്‍ ഡോ. വി.ബിന്ദു എന്നിവരാണ് നിധിയുടെ വിതരണം നടത്തിയത്.
അഡ്മിനിസ്‌ട്രേറ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രിന്‍സിപ്പല്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ രതീഷ്, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ബിജു നെട്ടറ എന്നിവര്‍ പ്രസംഗിച്ചു.
മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. മാതൃഭൂമി സീഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷഫീക്ക്, മാതൃഭൂമി പരവൂര്‍ ലേഖകന്‍ ഉണ്ണി എന്നിവര്‍ ലവ് പ്ലാസ്റ്റിക് പദ്ധതിയെക്കുറിച്ച് വിവരിച്ചു.
സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ എ.കെ.മിനി, സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ലീനാമണി എന്നിവരും സംബന്ധിച്ചു.  

Print this news