കട്ടപ്പന: ശൈത്യത്തിന്റെ ആനുകൂല്യം മുതലെടുത്ത് പാശ്ചാത്യ പച്ചക്കറിക്കൃഷിയിലൂടെ കൃഷിയുടെ നൂതന വഴികളില്‍ പുതിയ ചാലുകള്‍ വെട്ടിത്തുറക്കുകയാണ് കുമളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കുമളിയിലെത്തുന്ന വിദേശികളുടെയും ഇതര സംസ്ഥാനക്കാരായ വിനോദസഞ്ചാരികളുടെയും രുചിഭേദങ്ങളെ സംതൃപ്തിപ്പെടുത്തുന്ന സാലഡ് പച്ചക്കറിയിനങ്ങളും ഭക്ഷണങ്ങളില്‍ സുഗന്ധവാഹിയായും രുചിവര്‍ദ്ധകങ്ങളായും ഉപയോഗിക്കുന്ന ചെടികളുമാണ് ഈ സ്‌കൂളില്‍ കൃഷിചെയ്യുന്നത്. കുമളിയില്‍ ഇത്തരം പച്ചക്കറിയിനങ്ങള്‍ക്കുള്ള പ്രാദേശിക വിപണിയെ ഉപയോഗപ്പെടുത്താനാവുമെന്ന പ്രതീക്ഷയോടെയാണ് സ്‌കൂളില്‍ പുതിയ ഇനം പച്ചക്കറികള്‍ കൃഷിചെയ്യാനാരംഭിച്ചിരിക്കുന്നത്.
പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷി, നഴ്‌സറി മാനേജ്‌മെന്റും അലങ്കാര പൂന്തോട്ടക്കൃഷിയും എന്നീ പഠനവിഭാഗങ്ങളില്‍ വിശേഷപഠനം നടത്തുന്ന ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനമെന്നതിലുപരി കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കുമിണങ്ങുന്ന പുതിയ കൃഷിരീതികള്‍ പ്രചരിപ്പിപ്പിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് സ്‌കൂളിന്റെ പുതിയ ഉദ്യമം. പരിസ്ഥിതിക്കിണങ്ങുന്ന കൃഷിരീതികള്‍ കമ്പോളത്തിന്റെ രീതികളോട് ഇഴുകിച്ചേര്‍ന്ന് മുന്നോട്ടുപോകാനാകുമെന്ന് തെളിയിക്കുകയെന്ന ലക്ഷ്യംകൂടി മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ കൃഷിക്കുപിന്നിലുണ്ട്.
കൃഷി വിജയമായി ഉല്പന്നങ്ങള്‍ക്ക് കമ്പോളം കണ്ടെത്താനായാല്‍ ഈ ലക്ഷ്യം നിറവേറ്റാനാവുമെന്ന് നൂതന കൃഷിസങ്കല്പങ്ങളുമായി മണ്ണിലേക്കിറങ്ങുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹരി കെ.ആറും അധ്യാപകനായ സീഡ് കോ-ഓര്‍ഡിനേറ്റര്‍ അരവിന്ദ് പി.ടി.യും പറയുന്നു. ഇപ്പോള്‍ പാശ്ചാത്യരുടെ രുചിമുകുളങ്ങള്‍ക്ക് രസിക്കുന്ന സാലഡ് ഇനങ്ങള്‍ക്കുള്ള പച്ചക്കറികള്‍ അകലെയുള്ള മാര്‍ക്കറ്റില്‍നിന്നാണ് ഇവിടെ എത്തിക്കുന്നത്. രുചിവര്‍ദ്ധക ചേരുവകള്‍ പലതും തോട്ടത്തില്‍നിന്ന് നേരിട്ടുള്ളത് ലഭിക്കാത്തതിനാല്‍ ഉണക്കി സൂക്ഷിക്കുന്നവയാണ് കുമളിയിലെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖ ഹോട്ടലുകളില്‍ ഉപയോഗിക്കുന്നത്. പരിസ്ഥിതി പ്രതിബദ്ധതയുടെ ഭാഗമായി രാസവളം ഉപയോഗിക്കാതെ പൂര്‍ണമായും ജൈവകൃഷി മാതൃക അവലംബിച്ചാണ് കുമളി വി.എച്ച്.എസ്.സി.യില്‍ പുതിയ ഇനം പച്ചക്കറികള്‍ കൃഷിചെയ്യുന്നത്.
കൃഷി വിജയമാകുന്നപക്ഷം പുതിയ പച്ചക്കറിയിനങ്ങള്‍ കൃഷിചെയ്യാന്‍ നാട്ടുകാര്‍ക്ക് പ്രേരണയാകാനും ജൈവകൃഷിക്ക് മാതൃകയാകാനും തങ്ങള്‍ക്ക് കഴിയുമെന്നാണ് സ്‌കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതീക്ഷ. പുതിയയിനം കൃഷിരീതികളെയും ഭക്ഷണശീലങ്ങളെയും സംഗമിപ്പിക്കുന്ന ഫുഡ് എക്‌സ്‌പോയും ഈ സ്‌കൂളില്‍ നടത്തിയിരുന്നു.
സാലഡിന് ഉപയോഗിക്കുന്ന ലെത്യൂസ്, റെഡ് കാബേജ്, അറുഗുല എന്നിവയും രുചിവര്‍ദ്ധകങ്ങളും സുഗന്ധവാഹികളായുപയോഗിക്കുന്ന ബാസില്‍ ഗ്രീന്‍, ദില്‍ തുടങ്ങിയ ഇനങ്ങളുമാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. കാപ്‌സികം, ഉലുവ എന്നിവയും പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുതുടങ്ങിയിട്ടുണ്ട്. ഗ്രിഷിണിനും പിസ്സ തയ്യാറാക്കുമ്പോഴും മറ്റുമുപയോഗിക്കുന്ന രുചിവര്‍ദ്ധക ഇനങ്ങളുടെ കൃഷി ഇടുക്കിപോലുള്ള വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശത്ത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന തിരിച്ചറിവില്‍ നിന്നാണ് വ്യത്യസ്തമായ ഇനങ്ങളിലേക്ക് ഈ സ്‌കൂള്‍ പച്ചക്കറിക്കൃഷിയെ വൈവിധ്യവത്കരിക്കുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷി സ്‌കൂളിലെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ കൂടുതല്‍ സ്ഥലത്തേക്കും ഇനങ്ങളിലേക്കും വിപുലീകരിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സ്‌കൂളിന് കൃത്യമായ മതിലും മറ്റുമില്ലാത്തതിനാല്‍ കൃഷിചെയ്ത ഇനങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ പിഴുതുകൊണ്ടു പോവുന്നുണ്ട്. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും കുട്ടികളുടെ ആവേശത്തെ തണുപ്പിക്കുന്നില്ലെന്ന് സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയായ ആരോമല്‍ ഡി. മനോജ് പറഞ്ഞു. വ്യത്യസ്തമായ കാലാവസ്ഥയും വിനോദസഞ്ചാരത്തിലൂടെ പുതിയ ശീലങ്ങളുമായി ജില്ലയ്ക്കുതന്നെ മാതൃകയാവുന്ന ഹരിതപാതയിലൂടെയാണ് കുമളിയിലെ ഈ സ്‌കൂള്‍ മുന്നേറുന്നത്.