ഫലവൃക്ഷങ്ങളിലൂടെ സൗഹൃദ സന്ദേശവുമായി കടന്നപ്പള്ളി എച്ച്.എസ്.എസ്. സീഡ് വിദ്യാര്‍ഥികള്‍

Posted By : knradmin On 20th July 2013


 പരിയാരം : മരങ്ങളെ സ്‌നേഹിച്ച ബഷീറിന്റെ അനുസ്മരണദിനത്തില്‍ കടന്നപ്പള്ളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 'സീഡ്' വിദ്യാര്‍ഥികള്‍ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ നടത്തി. കുട്ടികള്‍ ചേര്‍ന്നുനിന്ന് 'സീഡ്' എന്നെഴുതിയപോലെ ഒത്തുകൂടി ബഷീര്‍ അനുസ്മരണവും ഫലവൃക്ഷത്തൈ നടലും ആഘോഷമാക്കി. ഓരോ കുട്ടിയും ഓരോ ഫലവൃക്ഷത്തൈകൊണ്ടുവന്ന് സ്‌കൂള്‍മുറ്റത്ത് നട്ടുപിടിപ്പിച്ചു. 

സൗഹൃദപ്പച്ച എന്ന സന്ദേശമുയര്‍ത്തി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ പാരിസ്ഥിതിക അവബോധത്തിന്റെ പുതിയ മാതൃകയ്ക്ക് ഈ അധ്യയന വര്‍ഷം തുടക്കംകുറിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ അജേഷ് കടന്നപ്പള്ളി നേതൃത്വം നല്‍കി. 
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗങ്ങളായ സി.നളിനാക്ഷി, പി.വി.ലളിത, പ്രിന്‍സിപ്പല്‍ ഡോ. ഷണ്‍മുഖദാസ്, ഹെഡ്മിസ്ട്രസ് കെ.ശാന്ത എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും 'സീഡ്' പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 
 

Print this news