അടൂര്‍: നട്ടെല്ലു തകര്‍ന്ന് ദുരിതാവസ്ഥയില്‍ കഴിയുന്ന ലതാമ്മാളിന്റെ ജീവിതത്തില്‍ വെളിച്ചം പകരാന്‍, തൊഴുത്തില്‍ അന്തിയുറങ്ങുന്ന സഹപാഠിക്ക് കിടപ്പാടം ഒരുക്കാന്‍ ഭൂമി നല്‍കിയ ഗിരീഷിന്റെ കാരുണ്യസ്പര്‍ശം. കാലപ്പഴക്കംചെന്ന വീട്ടില്‍ അരക്ഷിതാവസ്ഥയിലാണ് തട്ട പാലനില്‍ക്കുന്നതില്‍ ലതാമ്മാളും പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ അരുണും കഴിയുന്നത്. ഇവര്‍ക്ക് ഇപ്പോള്‍ സംരക്ഷണം ഒരുക്കിക്കൊണ്ടിരിക്കുന്നത് ഒരു കടയില്‍ ദിവസക്കൂലിക്ക് പൊയ്‌ക്കൊണ്ടിരുന്ന ലതാമ്മാളിന്റെ സഹോദരി പ്രിയ ആയിരുന്നു. എന്നാല്‍ അടുത്തസമയത്ത് പ്രിയയുടെ ജോലികൂടി നഷ്ടപ്പെട്ടതോടെ ഈ രണ്ട് കുടുംബങ്ങളുടെയും ജീവിതത്തില്‍ ഇരുട്ട് പടര്‍ന്നിരിക്കുകയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച പ്രിയയ്ക്ക് രണ്ടു കുട്ടികളും ഉണ്ട്. സഹോദരിയുടെയും കുടുംബത്തിന്റെയും സ്വന്തം കുടുംബത്തിന്റെയും ദൈനംദിനചെലവുകള്‍ വളരെ ബുദ്ധിമുട്ടി കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നപ്പോഴാണ് ജോലിയും നഷ്ടപ്പെട്ടത്.
ഭര്‍ത്താവ് മരിച്ചപ്പോള്‍ വിദ്യാര്‍ഥിയായ മകനെ സംരക്ഷിക്കാന്‍ കെട്ടിടനിര്‍മാണത്തൊഴിലിന് ഇറങ്ങിയ ലതാമ്മാളിനെ അവിടെ കാത്തിരുന്ന ദുരന്തമാണ് കിടപ്പിലേക്ക് നയിച്ചത്. പണിക്കിടയില്‍ ഉണ്ടായ അപകടത്തില്‍ നട്ടെല്ലു തകര്‍ന്ന ഇവര്‍ പൂര്‍ണമായും കിടപ്പിലാകുകയായിരുന്നു. ഈ ദുരന്തത്തിലാണ് സഹോദരി പ്രിയ കൈത്താങ്ങുമായി എത്തിയത്. അവരുടെ ജോലികൂടി നഷ്ടപ്പെട്ടതോടെ ഇനിയെന്ത് എന്ന ചിന്തയിലാണ് ഈ നിര്‍ധനകുടുംബങ്ങള്‍.
അരക്ഷിതാവസ്ഥയിലുള്ള വീട്ടില്‍ ദുരിതത്തില്‍ കഴിയുന്ന ഇവരുടെ അവസ്ഥ കേട്ടറിഞ്ഞാണ് പറക്കോട് പി.ജി.എം. ബോയ്‌സ് സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ് യൂണിറ്റ് പ്രസിഡന്റ് എം.എച്ച്.ഗിരീഷ് അവിടേക്ക് ചെന്നത്. തകര്‍ന്ന മേല്‍ക്കൂരയ്ക്കുമുകളില്‍ ടാര്‍പ്പോളിന്‍ വിരിച്ച് താല്‍ക്കാലികരക്ഷ നേടുന്ന ഇവര്‍ക്ക് ഉറപ്പുള്ള സംരക്ഷണവാഗ്ദാനമാണ് ഗിരീഷും സുഹൃത്തുക്കളും നല്‍കിയത്.
ഇതുപ്രകാരം സുമനസ്സുകളുടെ സഹായത്താല്‍ വീടുനിര്‍മാണത്തിന് ആവശ്യമായ പാറപ്പൊടി, സിമന്റ്, ഇഷ്ടിക, ടൈല്‍സ് തുടങ്ങിയ വസ്തുക്കള്‍ ഇവിടേക്ക് എത്തിയിട്ടുമുണ്ട്. ഉടന്‍തന്നെ വീടുനിര്‍മാണം തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
മാതൃഭൂമി സീഡ് ക്ലബ്, പറക്കോട് പി.ജി.എം. ബോയ്‌സ് സ്‌കൂള്‍ മാനേജ്‌മെന്റ്, സ്‌കൂള്‍ പി.ടി.എ. എന്നിവരുടെ പൂര്‍ണപിന്തുണയും ഗിരീഷിന് ലഭിക്കുന്നുണ്ട്. സഹായിക്കാന്‍ മനസ്സുള്ള ചെറിയ കൂട്ടായ്മകളുടെ പിന്‍ബലത്തില്‍ നിര്‍ധനകുടുംബങ്ങളിലേക്ക് വെളിച്ചം പകരാനുള്ള ഗിരീഷിന്റെ ശ്രമങ്ങള്‍ തുടരുകയാണ്.
ഹൃദ്രോഗിയായ പ്രിജില്‍, സഹപാഠി കണ്ണന്‍, പറക്കോട് കൊച്ചുതുണ്ടില്‍ വീട്ടില്‍ മായാദേവി, കൊല്ലം മയ്യനാട് അസൂറാബീവി ഇങ്ങനെ പോകുന്നു ഗിരീഷിന്റെയും സുഹൃത്തുക്കളുടെയും സ്‌നേഹവായ്പുകള്‍ കിട്ടിയ കുടുംബങ്ങള്‍. ഫോണ്‍: 8129007995 (എം.എച്ച്.ഗിരീഷ്).